കാര്‍ സ്കൂട്ടറിൽ തട്ടി കടയിലേക്ക് ഇടിച്ചുകയറി
1478289
Monday, November 11, 2024 6:11 AM IST
നെയ്യാറ്റിന്‍കര : നിയന്ത്രണം തെറ്റിയ കാറിടിച്ച് രണ്ട് സ്കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്. പാതയോരത്തെ കടയിലേയ്ക്കും കാറിടിച്ച് കയറി. നെയ്യാറ്റിന്‍കര ടൗണില്‍ ഇന്നലെ വൈകുന്നേരം മൂന്നിനാണ് അപകടം. കളിയിക്കാവിള ഭാഗത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന ഇന്നോവ കാറാണ് എതിരേ വന്ന സ്കൂട്ടറിനെ ഇടിച്ച് കടയില്‍ കയറി നിന്നത്.
സ്കൂട്ടറിലുണ്ടായിരുന്ന അലക്സ് (49), ശാന്തി (30) എന്നിവര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. കാറോടിച്ചിരുന്ന പൂവാര്‍ സ്വദേശി സജീറിന് വലിയ പരിക്കുകളില്ല. സ്കൂട്ടറിനെയിടിച്ച് കടയിലേയ്ക്ക് കയറിയ കാറിനടിയില്‍ നിന്നും ഏറെ പണിപ്പെട്ടാണ് സ്കൂട്ടര്‍ പുറത്തെടുത്തത്. നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ ഫോഴ്സ് യൂണിറ്റ് ടീം ന്യുമാറ്റിക് ബാഗ് ഉപയോഗിച്ച് കാറിനെ ഉയര്‍ത്തി സ്കൂട്ടര്‍ പുറത്തെടുക്കുകയായിരുന്നു.
സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. യാത്രക്കാരില്‍ ഒരാള്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ച് റോഡിലേയ്ക്ക് വീണു. പരിക്കേറ്റ അലക്സിനേയും ശാന്തിയേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള കടയിലേയ്ക്കാണ് കാറിടിച്ച് കയറിയത്. കടയിലുണ്ടായിരുന്ന ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അപകടത്തില്‍ നശിച്ചു. നാല്‍പ്പതിനായിരം രൂപയുടെ നഷ്ടം കടയിലുണ്ടായതായി ഫയര്‍ ആന്‍ഡ് റസ്ക്യൂ ഫോഴ്സ് യൂണിറ്റ് അധികൃതര്‍ അറിയിച്ചു.
കരമന- കളിയിക്കാവിള പാതയോരത്തായിരുന്നു അപകടം എന്നതിനാല്‍ ഗതാഗതം താത്കാലികമായി തടസപ്പെട്ടു.