തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു
1478105
Sunday, November 10, 2024 11:02 PM IST
കൊല്ലം: അഴീക്കലില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതിയും മരിച്ചു. അഴീക്കല്‍ കുരിശടിക്ക് കിഴക്ക് പുതുവല്‍ വീട്ടില്‍ ഷൈജമോളാണ് (41) ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്. തീ കൊളുത്തിയ കാഞ്ഞിരപ്പള്ളി പൊന്‍കുന്നം ചെറിക്കാട്ട് ആഷിര്‍ വില്ലയില്‍ ഷിബു ചാക്കോ (47) കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു.
നാലുവര്‍ഷമായി ഇരുവരും ഒന്നിച്ചായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ അഴീക്കലിലെ വീട്ടിലെത്തിയ ഷിബു, ഷൈജയുമായി വഴക്കിട്ടു. പിന്നാലെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
സംഭവ സമയത്ത് ഷൈജമോളുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഷിബുവും പെട്രോളൊഴിച്ചു തീ കൊളുത്തി. നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷിബു മരിച്ചു. 80 ശതമാനത്തിലധികമാണ് ഷൈജയ്ക്ക് പൊള്ളലേറ്റിരുന്നത്.
ഷൈജമോളെ ആദ്യം ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഇന്നലെ ഉച്ചയോടെയാണ് ഷൈജ മരിച്ചത്. ഷിബുവിന്റെ പേരില്‍ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ഈ കേസില്‍ ഷൈജയും ഷിബുവും ജയിലില്‍ ആയിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷം ഷിബു മറ്റൊരിടത്ത് താമസിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഏഴരയോടയാണ് ഇയാള്‍ വീട്ടില്‍ തിരിച്ചെത്തുകയും ഷൈജയുമായി തര്‍ക്കമുണ്ടാകുകയും ചെയ്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഷിബുവിന്റെ മൃതദേഹം കരുനാഗപള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.