ബജറ്റ് ടൂറിസം സെല്ലിന്റെ വേളാങ്കണ്ണി തീർഥയാത്ര
1466682
Tuesday, November 5, 2024 6:44 AM IST
ചാത്തന്നൂർ: കെഎസ്ആർടിസി യുടെ ബജറ്റ് ടൂറിസം സെൽ ചാത്തന്നൂരിൽ നിന്ന് വേളാങ്കണ്ണി തീർഥയാത്ര സംഘടിപ്പിക്കുന്നു. രണ്ടു പകലും രണ്ട് രാത്രിയും നീളുന്ന തീർഥാടന യാത്ര ഡിസംബർ മൂന്നിന് ആരംഭിക്കും.
രാവിലെ 11-ന് ചാത്തനൂരിൽ നിന്ന് യാത്ര പുറപ്പെട്ടു മൂന്നോടെ അർത്തുങ്കൽ പള്ളിയിലെത്തും. തീരദേശ റോഡ് വഴി കണ്ണമാലി പള്ളി, തോപ്പുംപടി വഴി വല്ലാർപാടം പള്ളിയിൽ എത്തിച്ചേരും. അവിടെ നിന്ന് കണ്ടെയ്നർ റോഡ് വഴി കളമശേരിയിലെത്തി ആലുവ, പലിയക്കര, മണ്ണുത്തി, വടക്കാഞ്ചേരി, പാലക്കാട്, വാളയാർ, കോയമ്പത്തൂർ, കരൂർ, ട്രിച്ചി, തഞ്ചാവൂർ, നാഗപട്ടണം വഴി നാലിന് രാവിലെ ആറിന് വേളാങ്കണ്ണിയിൽ എത്തും.
ദേവാലയ ദർശനത്തിന് ശേഷം വൈകുന്നേരം നാലിന് തിരിച്ച് നാഗപട്ടണം പൂണ്ടി മാതാ ദേവാലയം. തുടർന്ന് തഞ്ചാവൂർ ക്ഷേത്രദർശനവും കഴിഞ്ഞ് തിരിച്ച് ചാത്തന്നൂരിലേക്ക് മടക്കം.അഞ്ചിനു രാവിലെ എട്ടിന് ചാത്തന്നൂർ എത്തി ചേരും. സൂപ്പർ ഡീലക്സ് എസി ബസിലെ വേളാങ്കണ്ണി തീർഥാടന യാത്രയ്ക്ക് 3480 രൂപ യാണ് നിരക്ക്. ഭക്ഷണവും മറ്റ് ചെലവുകളും യാത്രികർ സ്വയം വഹിക്കണം.സീറ്റുകൾക്കായ് വിളിക്കാം : 9947015111.