കാലാവസ്ഥ പ്രവചനങ്ങൾ ശ്രദ്ധിച്ചാൽ ദുരന്തങ്ങൾ ഒഴിവാക്കാം: നീതാ കെ. ഗോപാൽ
1466676
Tuesday, November 5, 2024 6:44 AM IST
കൊല്ലം : കാലാവസ്ഥാ പ്രവചനങ്ങൾ യഥാസമയം നിരീക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്താൽ വൻ ദുരന്തങ്ങൾ ഒഴിവാക്കാമെന്ന് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നീതാ കെ. ഗോപാൽ.
നന്മ മരം ഗ്ലോബൽ ഫൗണ്ടേഷനും വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച കാലാവസ്ഥാ പ്രവചനവും പരിസ്ഥിതി സംരക്ഷണവും എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അവർ.
കാലാവസ്ഥാ വ്യതിയാനങ്ങളെ യഥാസമയം നിരീക്ഷിക്കുകയും മനസിലാക്കുകയും ചെയ്യാത്തതാണ് ദുരന്തങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നത്. കാലാവസ്ഥയെകുറിച്ചും പ്രകൃതിയെകുറിച്ചും വിദ്യാർഥികളും പൊതുസമൂഹവും ബോധവാന്മാരാകണം.
പ്രകൃതി സ്നേഹത്തിലും പരിസ്ഥിതി പ്രവർത്തനത്തിലും പുതുതലമുറ രംഗത്തിറങ്ങുകയും അതിലൂടെ പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കാമെന്നും അവർ പറഞ്ഞു.
പ്രകൃതി നശീകരണവും വർഗീയതയുമാണ് നാടിന്റെ ഏറ്റവും വലിയ ദുരന്തമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത കൊല്ലം രൂപത എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. ബിനു തോമസ് പറഞ്ഞു. നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോ ഓർഡിനേറ്റർ ജേക്കബ് എസ്. മുണ്ടപ്പുളം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് ഫ്രാൻസിനി മേരി, പിടിഎ പ്രസിഡന്റ് ഹംബ്രി ആന്റണി, മേരി ഹെലൻ എന്നിവർ പ്രസംഗിച്ചു.