മഹാത്മ മോഡല്‍ ബഡ്സ് സ്കൂള്‍ ജേതാക്കള്‍
1516528
Saturday, February 22, 2025 1:53 AM IST
നീലേശ്വരം: ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി കുടുംബശ്രീ നടത്തിയ പ്രഥമ ജില്ലാ കായികമേള ബഡ്സ് ഒളിമ്പിയ 2025ല്‍ 61 പോയിന്റോടെ പെരിയ മഹാത്മ മോഡല്‍ ബഡ്സ് സ്കൂള്‍ ചാമ്പ്യന്മാരായി. നീലേശ്വരം പ്രത്യാശ ബഡ്സ് സ്കൂള്‍ (52) രണ്ടും പനത്തടി എംസിആർസി ബഡ്സ് സ്കൂള്‍ (39) മൂന്നാംസ്ഥാനവും നേടി.
സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, ലോവര്‍ എബിലിറ്റി, ഹയര്‍ എബിലിറ്റി എന്നീ വിഭാഗങ്ങളിലായി ജില്ലയിലെ 17 സ്കൂളുകളിലെ 150 വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. 50, 100 മീറ്റര്‍ ഓട്ടം, ലോംഗ് ജമ്പ്, 100 മീറ്റര്‍ നടത്തം, സോഫ്റ്റ് ബോള്‍ ത്രോ, ഷോര്‍ട്ട്പുട്ട്, സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പ്, റിലേ, ബാസ്കറ്റ് ബോള്‍ ത്രോ എന്നിവയായിരുന്നു മത്സര ഇനങ്ങള്‍.
നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മേള സിനിമതാരം പി.പി.കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് സി.എച്ച്.ഇക്ബാല്‍ അധ്യക്ഷതവഹിച്ചു. അസി.ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.വി. ലിജിന്‍ നന്ദിയും പറഞ്ഞു. ജേതാക്കള്‍ 27, 28 തീയതികളില്‍ കലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന സംസ്ഥാനമേളയില്‍ മാറ്റുരയ്ക്കും.