അമ്പലത്തറയില്‍ വീണ്ടും പുലി; പട്ടിയുടെ ജഡം കണ്ടെത്തി
1516527
Saturday, February 22, 2025 1:53 AM IST
കല്യോട്ട്: ചെറിയൊരിടവേളയ്ക്കു വീണ്ടും പുലിസാന്നിധ്യം. കല്യോട്ടിനു സമീപം കുമ്പള തട്ടുമ്മലിലെ റബര്‍ തോട്ടത്തിലാണ് ഇന്നലെ പുലര്‍ച്ചെ നാട്ടുകാര്‍ പുലിയെ കണ്ടത്. ഇതിനുപിന്നാലെ പ്രദേശത്ത് സ്ഥിരമായി കണ്ടിരുന്ന തെരുവുപട്ടിയുടെ ജഡം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ സമീപപ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തി രാവിലെ എട്ടുമണിയോടെ തിരിച്ചുവന്നപ്പോഴേക്കും ഇതും അപ്രത്യക്ഷമായി. ഇതോടെ പുലി അടുത്തുള്ള സ്ഥലങ്ങളില്‍തന്നെ ഉണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് നാട്ടുകാരുടെ കാവലിലാണ് പ്രദേശത്തെ കുട്ടികളെ സ്കൂളിലയച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കൂടുതല്‍ അടയാളങ്ങളൊന്നും കണ്ടെത്താനായില്ല.