ഹോംസ്റ്റേയും ടൂറിസം സംരംഭങ്ങളും തുടങ്ങാം; പരിശീലനം നല്കാൻ ടൂറിസം മിഷൻ
1516188
Friday, February 21, 2025 1:55 AM IST
കാഞ്ഞങ്ങാട്: പൊതുജനങ്ങൾക്ക് സ്വന്തമായി ഹോം സ്റ്റേയും ടൂറിസം മേഖലയിൽ മറ്റു സംരംഭങ്ങളും തുടങ്ങുന്നതിനുള്ള പരിശീലനം നല്കാൻ ഉത്തരവാദിത്വ ടൂറിസം മിഷൻ. 24, 25 തീയതികളിൽ കാഞ്ഞങ്ങാട് ബേക്കൽ ഇന്റർനാഷണൽ ഹോട്ടലിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
വിനോദസഞ്ചാരികൾക്ക് താമസസൗകര്യമേർപ്പെടുത്തുന്നതിന് ആവശ്യമായ സർക്കാർ അനുമതികൾ, അതിഥിമുറികൾ സജ്ജീകരിക്കുന്ന വിധം, വിവിധ ഭക്ഷണ രീതികൾ, മാർക്കറ്റിംഗ് രീതികൾ, റിസർവേഷൻ, ടൂറിസം മേഖലയിലെ പുതിയ ട്രെൻഡുകൾ തുടങ്ങിയ വിഷയങ്ങളിൽ ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ടൂറിസം ബിസിനസ് വിദഗ്ധരും ക്ലാസെടുക്കും.
ഹോംസ്റ്റേ, ഫാംസ്റ്റേ, ടെന്റ് ക്യാമ്പിംഗ്, സർവീസ്ഡ് വില്ല, ഗൃഹസ്ഥലി തുടങ്ങിയ ആശയങ്ങളാണ് വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി ഉത്തരവാദിത്വ ടൂറിസം മിഷൻ മുന്നോട്ടുവയ്ക്കുന്നത്. വിനോദസഞ്ചാരികൾക്ക് ആകർഷകമായ താമസസൗകര്യവും നാടൻ ഭക്ഷണവും ഒരുക്കിനല്കുകയെന്നതാണ് അടിസ്ഥാന ആശയം. വൻകിട ഹോട്ടലുകളെ അപേക്ഷിച്ച് ഹോംസ്റ്റേ സംവിധാനങ്ങളെ ഇഷ്ടപ്പെടുന്ന വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികൾ ഏറെയുണ്ട്. ഇതിലേറെയും കുടുംബത്തോടൊപ്പം യാത്രചെയ്യാനും താമസിക്കാനും എത്തുന്നവരാണ്. വൻകിട ഹോട്ടലുകളെ അപേക്ഷിച്ച് ഹോംസ്റ്റേകളിലെ താമസച്ചെലവ് കുറവാണെന്നതും ഇവിടുത്തെ സാധാരണ ജീവിതത്തെ അടുത്തറിയാൻ അവസരം കിട്ടുമെന്നതും ഇവരെ ആകർഷിക്കുന്ന കാര്യങ്ങളാണ്.
സംരംഭകർക്ക് അധികം മുതൽമുടക്കില്ലാതെതന്നെ സ്വന്തം വീടും സ്ഥലവും പാചകനൈപുണ്യവും ഉപയോഗപ്പെടുത്തി ഈ മേഖലയിൽ നിന്ന് മികച്ച വരുമാനം നേടിയെടുക്കാൻ കഴിയുമെന്നാണ് ടൂറിസം മേഖലയിലെ വിദഗ്ധരുടെ അനുഭവസാക്ഷ്യം. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപ ര്യമുള്ളവർക്ക് 9847398283 എന്ന നമ്പറിൽ ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലാ കോഓർഡിനേറ്ററുമായി ബന്ധപ്പെടാം.