മെഡിക്കൽ കോളജിൽ ഇനിയും സൗകര്യങ്ങളൊരുങ്ങിയില്ല
1516186
Friday, February 21, 2025 1:55 AM IST
കാസർഗോഡ്: ഗവ. മെഡിക്കൽ കോളജിൽ ഈ വർഷം എംബിബിഎസ് കോഴ്സ് തുടങ്ങുന്നതിന് അനുമതി നല്കുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി നാഷണൽ മെഡിക്കൽ കൗൺസിലിന്റെ (എൻഎംസി) സംഘം അടുത്തമാസം വരാനിരിക്കേ മെഡിക്കൽ കോളജ് കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇനിയും സജ്ജമായില്ല.
ക്ലാസുകൾ തുടങ്ങുന്നതിനാവശ്യമായ ഫർണീച്ചറുകൾ, വിവിധ വിഷയങ്ങൾക്കായുള്ള ലാബ് സൗകര്യം, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയൊന്നും ഇതുവരെ ഒരുങ്ങിയിട്ടില്ല. കെട്ടിടത്തിൽ അഗ്നിരക്ഷാ സംവിധാനം പോലും ഒരുക്കിയിട്ടില്ല.
ഇതെല്ലാം ഒരുക്കണമെങ്കിൽ ചുരുങ്ങിയത് 15 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഇത്രയും തുക എവിടെനിന്ന് ലഭ്യമാക്കുമെന്ന കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. സർക്കാർ തന്നെ നേരിട്ട് അനുവദിക്കുന്ന കാര്യത്തിൽ സാമ്പത്തിക പ്രതിസന്ധി തടസമായാൽ കാസർഗോഡ് വികസന പാക്കേജിൽ നിന്ന് ലഭ്യമാക്കാനാണ് ആലോചന. പക്ഷേ ഇക്കാര്യത്തിൽ തീരുമാനം വൈകിയാൽ എൻഎംസി പരിശോധനയ്ക്കു മുമ്പ് മെഡിക്കൽ കോളജിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ബുദ്ധിമുട്ടാകും. ഇതോടെ ഈ വർഷം എംബിബിഎസ് കോഴ്സിന് അനുമതി ലഭിക്കുന്ന കാര്യവും അവതാളത്തിലാകും.
കാസർഗോഡ് ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയായി പ്രഖ്യാപിക്കുകയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഡോക്ടർമാരെ ഇവിടേക്ക് നിയോഗിക്കുകയും ചെയ്തതു മാത്രമാണ് ഇതുവരെ ഉണ്ടായിട്ടുള്ള കാര്യമായ പുരോഗതി. ഗ്രാമീണ മേഖലയിൽ നിന്നും നഗരമേഖലയിൽ നിന്നുമുള്ള ഓരോ ചെറിയ ആശുപത്രികളെ കൂടി മെഡിക്കൽ കോളജിനു കീഴിലുള്ള പരിശീലന കേന്ദ്രമായി തെരഞ്ഞെടുക്കണമെന്നാണ് എൻഎംസിയുടെ വ്യവസ്ഥ.
ബദിയടുക്കയിലെ സാമൂഹികാരോഗ്യകേന്ദ്രത്തെയും കാസർഗോഡ് ഗവ.അർബൻ പിഎച്ച്സിയെയുമാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിനൊപ്പം മെഡിക്കൽ കോളജ് കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ കൂടി ഒരുക്കാനായാൽ ഈ വർഷം തന്നെ ക്ലാസുകൾ തുടങ്ങാൻ എൻഎംസിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.