കുമ്പളയില്‍ മയക്കുമരുന്ന് വേട്ട
1516525
Saturday, February 22, 2025 1:53 AM IST
കാസര്‍ഗോഡ്:കുമ്പള പോലീസിന്റെ വാഹന പരിശോധനക്കിടയില്‍ സംശയാസ്പദമായി നിര്‍ത്തിയിട്ട കാറില്‍ നിന്നും 21.05 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ അറസ്റ്റില്‍.
ഉപ്പള കോടിബയല്‍ സ്വദേശി ഇബ്രാഹിം സിദ്ദിഖ് (33), കാസര്‍ഗോഡ് അടുക്കത്ത്ബയല്‍ സ്വദേശി മുഹമ്മദ് സാലി (49), മംഗല്പാടി സോങ്കാല്‍ സ്വദേശി മൂസ ഷെഫീഖ് (30), കാസര്‍ഗോഡ് അടുക്കത്ത്ബയല്‍ സ്വദേശി മുഹമ്മദ് സവാദ് (28) എന്നിവരാണ് പോലീസ് പിടിയിലായത്.
കൂടല്‍മാര്‍ക്കളയിലെ ചാവടിക്കട്ട എന്ന സ്ഥലത്തു സംശയാസ്പദമായി കാര്‍ നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പെടുകയും പോലീസിനെ കണ്ട് പ്രതികള്‍ വാഹനവുമായി കടന്നു കളയാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വാഹനം കുറുകെ ഇട്ട് തടഞ്ഞു നിര്‍ത്തുകയും വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് സംഘം ശ്രമകരമായി നാലു പേരെയും പിടികൂടുകയായിരുന്നു. ഇവരുടെ കാര്‍ പരിശോധിച്ചതില്‍ വാഹനത്തില്‍ നിന്നും കവറുകകില്‍ സൂക്ഷിച്ച നിലയില്‍ 21.05 ഗ്രാം എംഡിഎംഎ കണ്ടെത്തുകയുമായിരുന്നു.
കാസര്‍ഗോഡ് ഡിവൈഎസ്പി സി.കെ.സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ കുമ്പള സബ് ഇന്‍സ്പെക്ടര്‍ കെ.ശ്രീജേഷ്, എഎസ്ഐ ബി.എല്‍.മനോജ്, എസ്സിപിഒ ചന്ദ്രന്, സിപിഒ ശരത്, അജീഷ്, സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത് .