അര്‍ധരാത്രി പ്രതിഷേധവുമായി വനംവകുപ്പ് ജീവനക്കാര്‍
1516524
Saturday, February 22, 2025 1:53 AM IST
കാസര്‍ഗോഡ്: വന്യജീവി ആക്രമണങ്ങള്‍ പെരുകിയ സാഹചര്യത്തില്‍ 24 മണിക്കൂറും ജോലിചെയ്യേണ്ടിവരുന്ന വനംവകുപ്പ് ജീവനക്കാരുടെ അമിത ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ അര്‍ധരാത്രി പ്രതിഷേധം നടത്തി.
ജില്ലാ വനം ആസ്ഥാനത്തിനു മുന്നിലും കള്ളാറിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിനു മുന്നിലുമാണ് പ്രതിഷേധം നടത്തിയത്. ജില്ലയില്‍ കൂടുതല്‍ ദ്രുതകര്മസേനാംഗങ്ങളെയും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും നിയമിക്കുക, ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുക, വന്യജീവി ആക്രമണങ്ങളും കൃഷിനാശവും തടയുന്നതിന് ആധുനിക മാര്‍ഗങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലയില്‍ അടിയന്തിരമായി ഫോറസ്റ്റ് സ്റ്റേഷന് അനുവദിക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
പ്രതിഷേധസമരം സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.വി. സത്യന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ,. ധനഞ്ജയന്, സംസ്ഥാന കമ്മിറ്റി അംഗം എം. ചന്ദ്രന്, ബി. വിനീത്, കെ. ബാബു, പി. പ്രവീണ്‍ കുമാര്‍, ബി. ശേഷപ്പ, ഒ. സുരേന്ദ്രന്, എം.ടി. ഫര്‍സാന, ടി.എം. സിനി, വി. വിനീത് എന്നിവര്‍ നേതൃത്വം നല്കി.