ദേവപ്രഭയ്ക്ക് സ്നേഹത്തണലൊരുക്കി ഡിഫറന്റ് ആര്‍ട്ട് സെന്റര്‍
1516191
Friday, February 21, 2025 1:55 AM IST
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് തിരുവനന്തപുരം ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്കുന്ന മാജിക്ക് ഹോം പദ്ധതിയിലെ ആദ്യവീടിന്റെ താക്കോല്‍ദാനം നാളെ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഇരിയയില്‍ നടക്കുന്ന ചടങ്ങില്‍ തകകോല്ദാനം സംഗീതജ്ഞന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വഹിക്കും. ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പങ്കെടുക്കും. ഇരിയയില്‍ കാരുണ്യപ്രവര്‍ത്തകന്‍ ഭാസ്കരനാണ് വസ്തു സംഭാവനയായി നല്‍കിയത്. എന്‍ജിനിയര്‍ ശിവപ്രസാദിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇരുവരും തങ്ങളുടെ സേവനങ്ങള്‍ സൗജന്യമായാണ് നിര്‍വഹിച്ചത്.
ഡിഎസിയുടെ സംരംഭമായ മാജിക് ഹോംസ് പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയില്‍ 14 ഭിന്നശേഷി സൗഹൃദ മാതൃകാഭവനങ്ങളാണ് നിര്‍മിച്ചു കൈമാറുന്നത്. ഗുണഭോക്താവിന്റെ പ്രത്യേക പരിമിതികള്‍ക്ക് അനുസൃതമായാണ് ഓരോ വീടും നിര്‍മിക്കുന്നത്. .
മാജിക് ഹോംസ് പദ്ധതിക്കു കീഴില്‍ നിര്‍മ്മിച്ച ഭിന്നശേഷി സൗഹൃദങ്ങളായ വീടുകള്‍ മാതൃകയാക്കി സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ജീവകാരുണ്യ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതുപോലെയുള്ള വീടുകള്‍ നിര്‍മിച്ചു നല്കാന് പ്രചോദനമാകുമെന്ന് പദ്ധതിയുടെ സൂത്രധാരന്‍ കൂടിയായ ഗോപിനാഥ് മുതുകാട് പറഞ്ഞു.
വെസ്റ്റ് എളേരി മൗക്കോട് സ്വദേശി അനു-വര്‍ഷ കുടുംബത്തിനാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ഇവരുടെ മൂത്തമകള്‍ 11 വയസുള്ള ദേവപ്രഭ ബൗദ്ധിക പരിമിതയാണ്. കൂടാതെ മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വാഹനാപകടത്തെതുടര്‍ന്ന് ദേവപ്രഭയുടെ അച്ഛന് അനു പൂര്‍ണമായും തളര്‍ന്ന് കിടപ്പിലാണ്. ഭര്‍ത്താവിന്റെ അസുഖവും മൂത്തകുട്ടിയുടെ അവസ്ഥയും കാരണം വര്‍ഷയ്ക്കും ജോലിക്കുപോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന ഈ കുടുബം വിവിധ ചാരിറ്റി സ്ഥാപനങ്ങളുടെ സഹായം കൊണ്ടുമാത്രമാണ് നിലനിന്നുപോരുന്നത്.