‘വനമേഖലയാണ്, ആനത്താരയാണ് ' പക്ഷേ ഖനനത്തിന് ഇതൊന്നും ബാധകമല്ല
1516520
Saturday, February 22, 2025 1:53 AM IST
മുള്ളേരിയ: മലയോര ഹൈവേയുടെ വികസനത്തിന് ഏതാനും ഹെക്ടര്‍ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായിട്ടില്ല. പക്ഷേ കാറഡുക്ക സംരക്ഷിത വനമേഖലയില്‍ ഉള്‍പ്പെട്ട ഒന്നര ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് ഇപ്പോള്‍ ബോക്സൈറ്റ് ഖനനം തുടങ്ങുന്നതിനായി സര്‍വേ നടത്തുന്നത്.
കാറഡുക്ക വനത്തിലെ ആനത്താരകളുള്പ്പെടുന്ന ഭാഗത്താണ് ബോക്സൈറ്റ് നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. നാട്ടിലെ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകളെ സ്ഥിരമായി ഉള്‍വനത്തിലേക്ക് തുരത്തുന്നതും ഇതുവഴിയാണ്. ചെറുമൃഗങ്ങളും പക്ഷികളും മുതല്‍ കാട്ടുപോത്തുകള്‍ വരെ ഇവിടുത്തെ ആവാസവ്യവസ്ഥയിലുണ്ട്. പക്ഷേ 5000 കോടിയോളം രൂപയുടെ വരുമാനം നേടിത്തരുമെന്നു പ്രതീക്ഷിക്കുന്ന ഖനന പദ്ധതി മുന്നില്‍ വരുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതൊന്നും പ്രശ്നമാവില്ലെന്ന നിലയാണ്.
കേന്ദ്ര വനനിയമപ്രകാരം പരിഹാര വനവത്കരണത്തിന് ഇത്രയും സ്ഥലം മറ്റെവിടെയെങ്കിലും വനംവകുപ്പിന് വിട്ടുനല്‍കിയാല്‍ ഈ സ്ഥലം ഖനനത്തിനായി അടയാളപ്പെടുത്തി ലേലം ചെയ്തു നല്‍കാനാവും. മലയോരഹൈവേയുടെ കാര്യത്തില്‍ ഇഴഞ്ഞുനീങ്ങിയ നടപടിക്രമങ്ങള്‍ക്ക് ഖനനത്തിന്റെ കാര്യം വരുമ്പോള്‍ വേഗം വയ്ക്കുകയാണോയെന്ന സംശയം ഇപ്പോള്‍തന്നെ നാട്ടുകാര്‍ക്കുണ്ട്.
മറ്റൊരു സ്ഥലത്ത് വനവത്കരണം നടത്തിയാലും കാട്ടുമൃഗങ്ങളുടെ ആവാസവ്യവസ്ഥയെ അങ്ങോട്ട് പറിച്ചുനടാനാവില്ല. ഖനനത്തിന്റെ പൊടിയും ശബ്ദവും മനുഷ്യരുടെയും വാഹനങ്ങളുടെയും ബഹളവും മൂലം കാട്ടിലെ മൃഗങ്ങളുടെ ആവാസവ്യവസ്ഥ പാടേ താളം തെറ്റാനാണ് സാധ്യത. ഇപ്പോള്‍തന്നെ വന്യമൃഗ ആക്രമണങ്ങള്‍ മൂലം പൊറുതിമുട്ടുന്ന സാധാരണക്കാര്‍ക്ക് അത് ഇരട്ടി ദുരിതമാകും. പരിഹാര വനവത്കരണം നടത്തുന്ന സ്ഥലത്തിന്റെ സമീപപ്രദേശങ്ങളും ചുരുങ്ങിയ കാലത്തിനുള്ളില്‍ വന്യമൃഗ ഭീഷണിയിലാകും.
ഇവിടെ ബോക്സൈറ്റ് ഖനനം തുടങ്ങുന്നതിനായി സര്‍വേ നടക്കുന്നുണ്ടെന്ന കാര്യം നാട്ടുകാര്‍ അറിയുന്നതുപോലും സര്‍വേ ഏതാണ്ട് അവസാനഘട്ടത്തോടടുക്കുമ്പോള്‍ മാത്രമാണ് തുടര്‍ന്നുള്ള നടപടിക്രമങ്ങളും ഇതേ രീതിയിലാകാമെന്ന ആശങക പ്രദേശവാസികള്‍ക്കുണ്ട്. അതിനുമുമ്പ് പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാനുള്ള ആലോചനയിലാണ് നാട്ടുകാര്‍.