സംഘാടനത്തിലെ പിഴവ്; ചാമ്പ്യൻസ് ബോട്ട് ലീഗ് നിർത്തിവച്ചു
1601200
Monday, October 20, 2025 1:54 AM IST
ചെറുവത്തൂർ: സംസ്ഥാന ടൂറിസം വകുപ്പ് ചെറുവത്തൂർ അച്ചാംതുരുത്തിയിൽ സംഘടിപ്പിച്ച പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് സംഘാടനത്തിലെ പിഴവ് മൂലം നിർത്തിവച്ചു. മികച്ച സമയം കാഴ്ച വയ്ക്കുന്ന ടീമുകളെ കണ്ടെത്തി ഫൈനൽ നടത്തുന്നതായിരുന്നു സിബിഎൽ രീതി. ചെറുവത്തൂരിലെ അച്ചാംതുരുത്തി - കോട്ടപ്പുറം പാലത്തിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിച്ചിരുന്നു.
എന്നാൽ രണ്ടാമത്തെ ഹീറ്റ്സ് നടന്നപ്പോൾ സ്റ്റാർട്ടിംഗ് വേളയിൽ വെടിയൊച്ചക്കൊപ്പം പ്രവർത്തിക്കേണ്ട ടൈമർ നിലച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് നടന്ന ഹീറ്റ്സുകളിൽ സാധാരണ പോലെ ടൈമർ പ്രവർത്തിക്കുകയും ചെയ്തു.
ഇതോടെ തർക്കമുണ്ടായ ഹീറ്റ്സ് വീണ്ടും നടത്തണമെന്ന ആവശ്യം മറ്റു ടീമുകളിൽ നിന്നുയർന്നു. സംഘാടകരും ജനപ്രതിനിധികളും നടത്തിപ്പിന്റെ ചുക്കാൻ പിടിച്ച ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും തർക്കമുണ്ടായ ഹീറ്റ്സിലെ ടീമുകളുടെ മാനേജർമാരെ വിളിച്ച് വീണ്ടും മത്സരം നടത്താൻ ആവശ്യപ്പെട്ടുവെങ്കിലും രണ്ടു ടീമുകൾ പിന്മാറുകയായിരുന്നു.
ഇതോടെ മറ്റു ടീമുകൾ പ്രതിഷേധമറിയിക്കുകയും വീണ്ടും യോഗം ചേർന്നപ്പോൾ ഓരോ ഹീറ്റ്സിലും പങ്കെടുത്ത രണ്ടു ടീമുകളെ പങ്കെടുപ്പിക്കാമെന്ന നിർദേശം ഉയർന്നെങ്കിലും ഭൂരിഭാഗം ടീമുകളും എതിർപ്പറിയിച്ചതോടെ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം നിർത്തിവയ്ക്കുന്നതായി സാങ്കേതിക വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ടൂറിസം വകുപ്പിലെ അഭിലാഷ് അറിയിച്ചു.
ഹീറ്റ്സ് മത്സരങ്ങൾ ഉൾപ്പെടെ വീണ്ടും നടത്തുന്നതിന് സംഘാടകർ നിർദേശം മുന്നോട്ടുവച്ചെങ്കിലും ടീമുകൾ തയാറായില്ല. അതേസമയം ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സര നിബന്ധന അംഗീകരിക്കാത്ത ടീമുകളെ ഒഴിവാക്കി തുടർന്നുള്ള മത്സരം നടത്തണമെന്ന് മികച്ച സമയം കുറിച്ച പാലിച്ചോൻ അച്ചാംതുരുത്തി ടീം ഭാരവാഹികൾ അറിയിച്ചു.
ചാമ്പ്യൻസ് ബോട്ട് ലീഗ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നീലേശ്വരം നഗരസഭ ചയർ ടി.വി. ശാന്ത, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, വൈസ്പ്രസിഡന്റ് പി.വി. രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ജില്ലാ പഞ്ചായത്തംഗം സി.ജെ. സജിത്ത്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.നസീർ, ഡിടിപിസി സെക്രട്ടറി ജെ.കെ.ജിജേഷ് കുമാർ എന്നിവർ സംബന്ധിച്ചു.
കേരളത്തിലെ വിവിധ വള്ളംകളി മത്സരങ്ങളെ ഏകീകരിച്ച് സംസ്ഥാന ടൂറിസം വകുപ്പ് നടത്തി വരുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മൂന്നാമത് മത്സരമാണ് ചെറുവത്തൂരിലെ അച്ചാംതുരുത്തി പുഴയിൽ സംഘടിപ്പിച്ചത്.