ലഹരി വിരുദ്ധ ബോധവത്കരണവും അവാർഡ് വിതരണവും
1601196
Monday, October 20, 2025 1:54 AM IST
മട്ടന്നൂർ: ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച മട്ടന്നൂർ എയർപോർട്ട് സ്റ്റേഷൻ എഎസ്ഐ ടി. രാജീവൻ വേങ്ങാടിനുള്ള ഔദ്യോഗിക അവാർഡ് വിതരണം മട്ടന്നൂർ പിആർ എൻഎസ്എസ് കോളേജിൽ നടന്നു. കൂത്തുപറമ്പ് എസിപി കെ.വി. പ്രമോദൻ ഉദ്ഘാടനം ചെയ്തു.
ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ നടത്തിയതിലൂടെയാണ് രാജീവൻ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത്. ഔദ്യോഗിക ജോലിക്കിടയിലും ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകുന്നയാളാണ് രാജീവൻ.
ബോധവത്കരണ പ്രവർത്തനം കൂടുതൽ ആഴത്തിൽ പതിയാൻ മാജിക് ഷോയിലൂടെയാണ് പ്രധാനമായും ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
എസിപി കെ.വി. പ്രമോദൻ അവാർഡ് വിതരണം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ ആർ.കെ. ബിജു അധ്യക്ഷത വഹിച്ചു.
വിമാനത്താവള സ്റ്റേഷൻ സിഐ ടി.വി. പ്രദീഷ്, എൻസിസി ഓഫീസർ പി.വി. അനിൽ, എൻസിസി ഓഫീസർമാരായ കെ.സി. ജയന്തി, ഡോ.വി.പി. സജിനേഷ്, ആന്റി ഡ്രഗ്സ് കമ്മിറ്റി കൺവീനവർ ഡോ.അഖിൽ കെ. ശ്രീധർ, ഡോ. സുചിത്ര സുധീർ, റിട്ട. മിലിറ്ററി ഓഫീസർ ഗംഗാധരൻ, വിമാനത്താവള സ്റ്റേഷൻ എസ്ഐ കെ. രമേഷ്,കോളജ് യൂണിയൻ ചെയർമാൻ നിധി ദിനേശ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക്കും നടന്നു.