പച്ചത്തുരുത്തുകൾ ഒരുക്കൽ സാമൂഹിക മത്സരമാകണം: എം.വി. ഗോവിന്ദൻ
1601454
Tuesday, October 21, 2025 1:34 AM IST
തളിപ്പറന്പ്: കേരളമെന്ന വലിയൊരു പച്ചത്തുരുത്തിനെ കാത്തു സൂക്ഷിക്കാനുള്ള മത്സരമാണ് പ്രദേശങ്ങളും ജില്ലകളും ചെറിയ ചെറിയ പച്ചത്തുരുത്തുകൾ ഒരുക്കി നടത്തേണ്ടതെന്നും അങ്ങിനെയൊരു മത്സരത്തിലൂടെയേ ദൈവത്തിന്റെ സ്വന്തം നാട് എന്ന ഖ്യാതി നിലനിർത്താൻ കഴിയൂ എന്നും എം.വി. ഗോവിന്ദൻ എംഎൽഎ.
പച്ചത്തുരുത്ത് സംസ്ഥാനതല നോമിനേഷൻ നേടിയ തദ്ദേശ ഭരണ സ്ഥാപനങ്ങൾ, പച്ചത്തുരുത്തുകൾ ഒരുക്കാൻ കൂടെ നിന്ന വ്യക്തികൾ എന്നിവർക്ക് ഹരിത കേരളം മിഷൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നൽകിയ ആദരവ് - അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന തല പച്ചത്തുരുത്ത് പുരസ്കാര നോമിനേഷൻ ലഭിച്ച 37 പച്ചത്തുരുത്തുകൾക്ക് ചടങ്ങിൽ അനുമോദന പത്രം സമ്മാനിച്ചു. ഒരു തൈ നടാം - ഒരു കോടി തൈകൾ എന്ന കാന്പയിനിൽ ഏറ്റവും കുടുതൽ വൃക്ഷ തൈകൾ ശേഖരിച്ച് നട്ടുപിടിപ്പിച്ച കുടുംബശ്രീ സിഡിഎസുകൾക്കുള്ള പുരസ്കാരങ്ങൾമുൻ എംപി പി.കെ. ശ്രീമതി സമ്മാനിച്ചു.
32 കുടുംബശ്രീ സിഡിഎസുകൾക്കാണ് പുരസ്കാരം നൽകിയത്. 937357 വൃക്ഷ തൈകൾ നട്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ ജില്ല ലക്ഷ്യം നേടിയതായുള്ള പ്രഖ്യാപനം നവകേരളം കർമ്മ പദ്ധതി രണ്ട് സംസ്ഥാന അസി. കോ-ഓർഡിനേറ്റർ ടി.പി. സുധാകരൻ നിർവഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.പി. ജയൻ, വി.സി. ബാലകൃഷ്ണൻ, സ്നേഹ, ബ്ലോക്ക് കോ-ഓർഡിനേറ്റർ വി. സഹദേവൻ എന്നിവർ പ്രസംഗിച്ചു.