മലയോര മേഖലകളിൽ എൽഡിഎഫ് കൂടുതൽ കരുത്താർജിക്കും: കേരള കോൺഗ്രസ്-എം
1601455
Tuesday, October 21, 2025 1:34 AM IST
ചെമ്പേരി: തദ്ദേശ തെരഞ്ഞെടുപ്പോടെ മലയോര മേഖലയിൽ ഇടത് പക്ഷം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കേരള കോൺഗ്രസ്-എം. ഇതിനായി പാർട്ടി പ്രവർത്തകർ ശക്തമായി രംഗത്തിറങ്ങണമെന്നും കേരള കോൺഗ്രസ്-എം രാഷ്ട്രീയകാര്യ സമിതിയംഗം ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. ചെമ്പേരി റോട്ടറി ഹാളിൽ ചേർന്ന കേരളാ കോൺഗ്രസ്-എം എരുവേശി മണ്ഡലം നേതൃയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മലയോര മേഖലകളിലെ പ്രധാന വിഷയങ്ങളായ വന്യമൃഗസംരക്ഷണ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി, ഭൂ പതിവ് ചട്ടങ്ങളിൽ വരുത്തിയ മാറ്റം, ഏക കിടപ്പാട സംരക്ഷണ നിയമം, റീസർവേ പ്രകാരം അധികഭൂമിയുള്ളത് ഉടമസ്ഥന് പതിച്ച് നൽകുന്നതിനുള്ള തീരുമാനം, തുടങ്ങിയവ വർഷങ്ങളായി നിലനിന്ന മലയോര ജനതയുടെ മുഖ്യആവശ്യങ്ങളായി പരിഗണിക്കാനും പരിഹരിക്കാനും തയാറായ സർക്കാർ തീരുമാനം ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് യോഗം വിലയിരുത്തി.
ഇടതുപക്ഷത്തിനോടൊപ്പം നിന്ന് ജനകീയ വിഷയങ്ങൾ പരിഹരിക്കാനുള്ള കേരള കോൺഗ്രസ്-എം നേതൃത്വത്തിന്റെ പരിശ്രമങ്ങൾ മലയോര മേഖലയിൽ ഇടതുപക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തുവാൻ സഹായകരമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി. ഏരുവേശി മണ്ഡലം പ്രസിഡന്റ് ടോമി ആനിക്കൂട്ടം അധ്യക്ഷത വഹിച്ചു.
കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ സി.ജെ. ജോൺ, ബിനു ഇലവുങ്കൽ, നിയോജക മണ്ഡലം പ്രസിഡന്റ് ബിജു പുതുക്കള്ളിൽ, സിബി പന്തപ്പാട്ട്, രാജു ചെരിയൻകാല, ജോയി മുക്കുഴി, ഷോണി അറയ്ക്കൽ, ജോസ് കരിക്കാട്ടുകണ്ണിയിൽ, ജോസഫ് പൂതക്കാട്ടിൽ, സണ്ണി മുക്കുഴി, തുളസീധരൻ നായർ എന്നിവർ പ്രസംഗിച്ചു.