കൂട്ടുപുഴ കല്ലന്തോട്ടിൽ കാട്ടാന കൃഷി നശിപ്പിച്ചു
1601446
Tuesday, October 21, 2025 1:34 AM IST
ഇരിട്ടി: പേരട്ടയിലും പരിസരത്തും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. പേരട്ട സെന്റ് ആന്റണീസ് പള്ളിയുടെ സമീപത്ത് തൊണ്ടുങ്ങൽ എലിസബത്ത്, കരിനാട്ട് ഷിബ, ഷെഫീഖ് തുടങ്ങിയവരുടെ കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്.
ഇന്നലെ പുലർച്ചയോടെയാണ് കാട്ടാന കൃഷിയിടത്തിൽ ഇറങ്ങി വിളകൾ നശിപ്പിച്ചത്. പുലർച്ചെ നാലിന് ജോലിസ്ഥലത്തേക്ക് പോകുവാൻ ഇറങ്ങിയ ഹോട്ടൽ ജീവനക്കാരനായ ഷെഫീഖ് ശബ്ദം കേട്ട് ശ്രദ്ധിച്ചപ്പോഴാണ് വീടിനു സമീപത്ത് കാട്ടാനയെ കണ്ടത്.
കൃഷിയിടത്തിലെ വാഴയും മറ്റ് കൃഷികൾക്കും നാശം വരുത്തിയ ശേഷം ആന തിരികെ പോയി. കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും ഇറങ്ങിയ ആനയാണ് കേരളത്തിലെ കൃഷിയിടത്തിൽ എത്തി കൃഷികൾ നശിപ്പിച്ചത്.
ഒരാഴ്ച മുന്പാണ് വന്യജീവി സങ്കേതത്തിൽ നിന്നും ഇറങ്ങിയ ആന അന്തർ സംസ്ഥാന പാതയിൽ കൂട്ടുപുഴ പാലത്തിന് മുകളിൽ നിലയുറപ്പിച്ച സംഭവം ഉണ്ടായത്. മേഖലയിൽ സോളാർ തൂക്കുവേലി ഉണ്ടെങ്കിലും ഇത് തകർത്താണ് ആന ജനവാസ മേഖലയിൽ ഇറങ്ങുന്നത്.