കോശി കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം: ബിഷപ് അലക്സ് വടക്കുംതല
1601199
Monday, October 20, 2025 1:54 AM IST
കണ്ണൂർ: ക്രൈസ്തവരുടെ അവസ്ഥ പഠിക്കാൻ നിയോഗിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു രണ്ടരവർഷം കഴിഞ്ഞിട്ടും തുടർനടപടികൾ കൈക്കൊള്ളാത്ത സർക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിച്ചില്ലെങ്കിൽ ലത്തീൻ സമുദായം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല.
കണ്ണൂർ ചേംബർ ഹാളിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കണ്ണൂർ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമുദായ ജനസമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലത്തീൻ സമുദായം രാഷ്ട്രീയമായും സാമൂഹികമായും അവഗണിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും തീരദേശമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഉൾപ്പെടെ സമുദായം നേരിടുന്ന പ്രതിസന്ധികൾക്ക് ഉത്തരം ലഭിച്ചേ മതിയാകുവെന്നും ബിഷപ് പറഞ്ഞു.
സമുദായ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, ഉദ്യോഗ സംവരണം, ഭരണഘടനാപരമായ പൊതുവായ അവകാശ നിഷേധങ്ങൾ എന്നിവ ഉയർത്തിയാണ് ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചത്.
കെഎൽസിഎ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായി. കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി അനുഗ്രഹ പ്രഭാഷണം നടത്തി. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ് വിഷയാവതരണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, സംസ്ഥാന മുൻ പ്രസിഡന്റ് ആന്റണി നൊറോണ, രൂപത ഡയറക്ടർ ഫാ. ആൻസിൽ പീറ്റർ, ഫൊറോന വികാരി ഫാ. ബെന്നി മണപ്പാട്ട്, കെഎൽസിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് ഷേർളി സ്റ്റാൻലി, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, സംസ്ഥാന സെക്രട്ടറി ജോൺ ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറയ്ക്കൽ, ഫാ. മാർട്ടിൻ രായപ്പൻ, ആനിമേറ്റർ സിസ്റ്റർ പ്രിൻസി ആന്റണി, പ്രീത സ്റ്റാൻലി, ഫ്രാൻസിസ് സി. അലക്സ് എന്നിവർ പ്രസംഗിച്ചു.