അപകടത്തിൽപ്പെട്ട നായക്കുട്ടിക്ക് ബംഗളൂരുവിൽ വിദഗ്ധ ചികിത്സ
1601201
Monday, October 20, 2025 1:54 AM IST
മട്ടന്നൂർ: കൂടാളി ഗണപതി ക്ഷേത്രത്തിനു സമീപം വാഹനമിടിച്ച് അവശതയിലായ നായക്കുട്ടിയുടെ രക്ഷയ്ക്ക് കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമയും മൃഗസ്നേഹികളും ഒത്തുചേർന്നു.
തക്കസമയത്തെ ഇടപെടലിൽ വിദഗ്ധ ചികിത്സ നൽകി രക്ഷപ്പെടുത്തി. വാഹനമിടിച്ച് പിടയുന്ന നാലുമാസം പ്രായമായ നായക്കുഞ്ഞിനെ രക്ഷിക്കാൻ വനംവകുപ്പ്, പോലീസ് തുടങ്ങി പലരെയും വിളിച്ചു. റസ്ക്യൂ ടീം ഡോ. സുഷമ പ്രഭുവിന്റെ നിർദേശത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പട്ടിക്കുഞ്ഞിന് വെള്ളവും ഭക്ഷണവും നൽകി സമീപത്തെ വീട്ടിലാക്കി.
പിന്നീട് ഡോ. സുഷമ പ്രഭുവിന്റെ നേതൃത്വത്തിലുള്ള പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ എന്ന സംഘടനയുടെ പ്രവർത്തകർ ആംബുലൻസിൽ ബംഗളൂരുവിലെ ആർഎസ് വെറ്ററിനറി ക്ലിനിക്കിലെത്തിച്ച് നട്ടെല്ലിനു ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് 40,000 രൂപ ചെലവായി.