കനത്തമഴയിൽ ചെറുപുഴ മേഖലയിൽ വൻ നാശനഷ്ടം
1601439
Tuesday, October 21, 2025 1:34 AM IST
ചെറുപുഴ: കനത്ത മഴയിൽ ചെറുപുഴ മേഖലയിൽ വൻ നാശനഷ്ടം. രയറോം-എയ്യൻകല്ല് റോഡിൽ നിന്ന് മലവെള്ളം കുത്തിയൊഴുകി എതിർവശത്തുള്ള പറമ്പിൽ ആന്റണിയുടെ വീടിന്റെ മതിൽ ഇടിഞ്ഞു. വീടിനുള്ളിൽ അരമീറ്ററോളം വെള്ളം കയറി. വീട്ടുപകരണങ്ങൾ നശിച്ചു. സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന പുതിയപുരയിൽ അജീഷിന്റെ വീടിനകത്തും വെള്ളം കയറി. തിരുമേനിയിലെ ഓരത്താനിയിൽ ബാബുവിന്റെ വീടിന് പിന്നിലെ മൺതിട്ടയിടിഞ്ഞു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മരങ്ങൾ മുറിച്ചു മാറ്റി. സമീപത്തെ പന്തലാനിക്കൽ സെബാസ്റ്റ്യന്റെ വീടിന് പിന്നിലെ മൺതിട്ടയിടിഞ്ഞ് ശുചിമുറിയുടെ മുകളിൽ വീണു. പ്രാപ്പോയിൽ ഈസ്റ്റിലെ കണിയാംപറമ്പിൽ ജോസഫിന്റെ മുറ്റം ഇടിഞ്ഞു. തിരുമേനി തോട് കരകവിഞ്ഞ് മുളപ്ര പാലത്തിന് മുകളിൽ വെള്ളം കയറി. മലമുകളിൽ നിന്നും മണ്ണും കല്ലും ഒഴുകിയെത്തി റോഡുകളിൽ അടിഞ്ഞു കൂടി. ഇത് വാഹനയാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി.