ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു: പിണറായി വിജയൻ
1601445
Tuesday, October 21, 2025 1:34 AM IST
കണ്ണൂർ: ശബരിമലയെ വലിയൊരു വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിന്റെ തളാപ്പിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് ടൗൺ സ്ക്വയറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ കാണുന്ന ശബരിമലയിൽ അയ്യപ്പനൊപ്പം വാവരുണ്ട്. ഇതു സംഘപരിപാറിന് ഇഷ്ടം അല്ല. വാവരെ കൊള്ളാത്ത ഒരാളായി ഇവർ ചിത്രീകരിക്കുന്നു. വാവരല്ല മറ്റൊരു പേരാണ് അയ്യപ്പന്റെ കൂടെയുള്ളതെന്ന് ഇവർ പറയുന്നു. സംഘപരിപാർ തങ്ങളുടെ സങ്കുചിത ചിന്തകൾ അടിച്ചേൽപ്പിക്കുന്നു. ബിജെപിക്ക് നല്കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ നഷ്ടപ്പെടുത്തുമെന്നും പിണറായി വിജയൻ പറഞ്ഞു.
അടുത്തിടെ, കേരളത്തിലെത്തിയ അമിത്ഷാ പറയുകയുണ്ടായി. വരാനിരിക്കുന്ന തദേശതെരഞ്ഞെടുപ്പിൽ ഞങ്ങൾ 25 ശതമാനം വോട്ട് നേടുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കുമെന്നും. എന്നാൽ, കേരളീയ സമൂഹം ശ്രദ്ധിക്കണം. ആർഎസ്എസ് തത്വം നടപ്പിലാക്കിയാൽ കേരളം ഇങ്ങനെ നിലനിൽക്കില്ല.
ആർഎസ്എസിന് ആധിപത്യം ഇല്ലാത്തതിനാൽ കേരളത്തിൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, ഇഷ്ടമുള്ള ആരാധനാലയങ്ങളിൽ പോകാം. ആർഎസ്എസ് കടന്നുവന്നാൽ ഓണത്തിന് നമ്മൾക്ക് മഹാബലിയെ നഷ്ടമാകും. അവിടെ വാമനൻ കടന്നുവരും.
മനുഷ്യരുള്ള പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. മനുഷ്യർക്ക് തെറ്റു പറ്റാം. തെറ്റ് പറ്റുന്നവർക്കെതിരേ കൃത്യമായ നിലപാട് പാർട്ടി സ്വീകരിക്കും. ഇതൊക്കെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ മറ്റുള്ള പാർട്ടികളിൽനിന്ന് വ്യത്യസ്തനാക്കുന്നത്. കേരളത്തിൽ ഏറ്റവും അധികം വേട്ടയാടപ്പെട്ട പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. ആദ്യം കോൺഗ്രസായിരുന്നു ആക്രമിച്ചത്. അടുത്തഘട്ടത്തിൽ ആർഎസ്എസ് രംഗത്ത് വന്നു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ഇവർ പരസ്പരം സഹായിക്കും. അടുത്തിടെ, കോൺഗ്രസ് നേതാവ് ആർഎസ്എസ് ശാഖക്ക് കാവൽ നിന്ന കാര്യം അഭിമാനത്തോടെ പറയുന്നത് നമ്മൾ കേട്ടതാണ്. ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും ആക്രമണങ്ങളെ നേരിടാൻ സിപിഎമ്മിന് കഴിഞ്ഞു. ഇതിനിടയിൽ, ധീരരായ ഒരുപാട് സഖാക്കളെ നഷ്ടമായി. എല്ലാവിധ എതിർപ്പുകളും നേരിട്ട് മുന്നോട്ട് പോകാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ എംഎൽഎ, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ, നേതാക്കളായ പി. ജയരാജൻ, പി. ശശി, കഥാകൃത്ത് ടി. പദ്മനാഭൻ, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവർ പങ്കെടുത്തു.