കോളിത്തട്ട് ബാങ്ക് പ്രതിസന്ധിയിൽ; കുരുക്കിലായി സിപിഎം
1479210
Friday, November 15, 2024 5:23 AM IST
ഇരിട്ടി: ഭരണ സ്വാധീനം ഉപയോഗിച്ച് കോൺഗ്രസിൽ നിന്നു പിടിച്ചെടുത്ത കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിൽ കൈ പൊള്ളി സിപിഎം. 14.61 കോടി രൂപയുടെ ബാധ്യതയുള്ള ബാങ്കിന്റെ ആസ്തി നിലവിൽ 31.32 ലക്ഷം മാത്രമാണ്. ഇതോടെ സ്വന്തം ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനി സ്ട്രേറ്ററെ നിയമിക്കേണ്ട ഗതികേടിലായിരിക്കുന്നു സിപിഎം.
ബാങ്ക് പിടിച്ചെടുക്കാനായി സിപിഎമ്മിനൊപ്പം കൂട്ടുനിന്നവർക്ക് പാരിതോഷികമായി വ്യാജ രേഖ കളുടെ അടിസ്ഥാനത്തിൽ നൽകിയ ലോണുകളുടെ തിരിച്ചടവ് മുടങ്ങിയതാണ് ബാങ്കിന്റെ തകർച്ച യ്ക്ക് പ്രധാന കാരണമെന്നാണ് ആരോപണം. പത്തുവർഷത്തിനിടെ 8.76 കോടി രൂപ വകമാറ്റി ചെലവഴിച്ചതായും ഓഡിറ്റിംഗിൽ കണ്ടെത്തി. 85,50,101 രൂപ വായ്പാ ഇളവ് നല്കിയതിൽ ഭൂരിഭാഗവും ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കൾക്കാണ്. പലിശയിനത്തിൽ ലഭിക്കേണ്ട 2.35 കോടിയിൽ 1.51 കോടിയും കുടിശികയാണ്.
പരിധി കടന്ന് ഇഷ്ടക്കാർക്ക് പേഴ്സണൽ ലോൺ അനുവദിച്ചു. വില കുറഞ്ഞ ഭൂമിയുടെ ഈടിൽ എത്രയോ ഇരട്ടി തുക ലോൺ അനുവദിച്ചു. വേണ്ടപ്പെട്ടവരുടെ വ്യാജ വായ്പയിൽ കുടിശികയായ തുക സർക്കാരിന്റെ കാർഷിക കടാശ്വാസ പദ്ധതി പ്രകാരം എഴുതിത്തള്ളിയതും പരിശോധനയിൽ കണ്ടെത്തി. നിക്ഷേപകരുടെ തുക തിരികെ നല്കുമെന്ന് അഡ്മിനിസ്ട്രേറ്റർ ടി. ജയശ്രീ പറയുന്നു ണ്ടെങ്കിലും നിക്ഷേപകർക്ക് ഇക്കാര്യത്തിൽ വിശ്വാസമില്ല .
ബാങ്കിന്റെ ശാഖകളിൽ നിന്നു പ്രധാന ശാഖയിലേക്ക് അയച്ച ലക്ഷങ്ങളും കാണാനില്ല. കംപ്യൂട്ടർ രേഖകളും നഷ്ടപെട്ട നിലയിലാണ്. കോളിത്തട്ട് പ്രധാന ശാഖയിലെ ഒന്പത്, പേരട്ട ശാഖയിലെ 17 എന്നീ സ്വർണ വായ്പകൾക്കും ഈടായി സ്വീകരിച്ച സ്വർണം ഓഡിറ്റിംഗിൽ കണ്ടെത്താൻ കഴിഞ്ഞി ട്ടില്ല. 21 സ്വർണപ്പണയങ്ങൾ ഇടപാടുകാർ അറിയാതെ വ്യാജ രേഖകൾ ഉണ്ടാക്കി ഇടപാട് അവസാനി പ്പിച്ചതായി കാണിച്ച് സ്വർണം മറ്റൊരു സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയപ്പെടുത്തിയും പണം തട്ടിയിട്ടുണ്ട്.
സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവിന് വിരുദ്ധമായ കംപ്യൂട്ടർ സോഫ്റ്റ്വെയറാണ് ബാങ്ക് ഉപയോഗിക്കുന്നത്. സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തിയ 2022 ഫെബ്രുവരി 21 മുതൽ 2024 മാർച്ച് 31 വരെയുള്ള കാലയളവിലുള്ള 368 എൻട്രികളും കാണാനില്ല. 2011 ൽ മരണപ്പെട്ട വ്യക്തിയുടെ ജാമ്യ ത്തിയിൽ 2018 ലോൺ അനുവദിക്കുകയും 2021 ൽ ഇതേ ജാമ്യത്തിൽ ലോൺ പുതുക്കി നല്കുകയും ചെയ്ത അദ്ഭുതവും ഇവിടെ മാത്രം കാണാവുന്നതാണ്.