എയ്ഡ്സ് ബോധവത്കരണ കലാജാഥ പര്യടനം ആരംഭിച്ചു
1478475
Tuesday, November 12, 2024 7:00 AM IST
കണ്ണൂർ: കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണ കലാജാഥ "ഫോക് ഫെസ്റ്റ് 2024' ന്റെ ജില്ലാതല പര്യടന പരിപാടിക്ക് തുടക്കമായി. കലാജാഥയുടെ ഉദ്ഘാടനം പള്ളിക്കുന്നിലെ ജില്ലാ ജയിലിൽ ജില്ലാ എയ്ഡ്സ് ആൻഡ് ടിബി നിയന്ത്രണ ഓഫീസർ ഡോ. സോനു ബി. നായർ നിർവഹിച്ചു.
ബാലുശേരി മനോരഞ്ജൻ ആർട്സ് ക്ലബ്, കലാകാരന്മാർ അവതരിപ്പിച്ച തെരുവുനാടകവും നടന്നു. തുടർന്ന് പാപ്പിനിശേരി ആരോഗ്യ ബ്ലോക്കിലെ അരോളി ഗവ. ഹൈസ്കൂളിലും പഴയങ്ങാടി ആരോഗ്യ ബ്ലോക്കുകളിലെ പിജെഎച്ച്എസ്എസ് പുതിയങ്ങാടിയിലും പഴയങ്ങാടി ബസ് സ്റ്റാൻഡിലും പരിപാടികൾ അരങ്ങേറി. ഇന്ന് തളിപ്പറമ്പ്, പെരിങ്ങോം, ഒടുവള്ളിത്തട്ട്, തളിപ്പറമ്പ് നഗരസഭ എന്നിവിടങ്ങളിൽ കലാജാഥ പര്യടനം നടത്തും.
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ 17 മുതൽ 23 വയസ് വരെയുള്ളവരിലാണ് കൂടുതലായും എച്ച്ഐവി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ജില്ലയിലെ 15 കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം നവംബർ 14ന് ചേലോറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആദ്യഘട്ട പര്യടനം സമാപിക്കും.