മുംബൈ പോലീസും സിബിഐയും ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ
1479207
Friday, November 15, 2024 5:23 AM IST
തളിപ്പറമ്പ്: മുംബൈ പോലീസും സിബിഐയും ചമഞ്ഞ് പാളിയത്തുവളപ്പ് സ്വദേശിയുടെ 3,15,50,000 രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാന കണ്ണി പോലീസ് പിടിയിലായി. കോഴിക്കോട് താമരശേരി ഓമശേരി ഷഹാബ് മൻസിലിൽ എം.പി. ഫഹ്മി ജവാദിനെ (22)യാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നിർദേശാനുസരണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കീർത്തി ബാബുവിന്റെ നേതൃത്വത്തിൽ വൈത്തിരിയിൽനിന്ന് അറസ്റ്റുചെയ്തത്. പാളിയത്തുവളപ്പ് സ്വദേശി കരോത്തുവളപ്പിൽ ഭാർഗവൻ(74) ആണ് തട്ടിപ്പിന് ഇരയായത്. തട്ടിയെടുത്ത പണത്തിൽ നിന്ന് 32 ലക്ഷം രൂപ കണ്ടെടുത്തു.
കഴിഞ്ഞ സെപ്റ്റംബർ 19 നും ഒക്ടോബർ മൂന്നിനും ഇടയിലാണ് പണം തട്ടിയെടുത്തത്. മുംബൈ ടെലികോം സർവീസിലെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഒരാൾ ആദ്യം വീഡിയോകോളിൽ ബന്ധപ്പെട്ടു. ഗൾഫിലായിരുന്ന ഭാർഗവന്റെ ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ സിം കാർഡ് എടുത്തിരുന്നുവെന്നും ആ നമ്പർ ഓൺലൈൻ നിക്ഷേപ തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടത്തിയിട്ടുണ്ടെന്നുമാണ് സംഘം ആദ്യം പറഞ്ഞത്.
തട്ടിപ്പിൽ കൂടുങ്ങിയ ഒരു കുടുംബം ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അതിനാൽ നിങ്ങളെ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു പറഞ്ഞത്. പിന്നീട് മുംബൈ പോലീസാണെന്നു പറഞ്ഞ് മറ്റൊരാൾ ഫോണിൽ ബന്ധപ്പെട്ടു. ഇതിന്റെ തൊട്ടുപിറകെ സിബിഐ ഓഫീസറാണെന്നു പറഞ്ഞ് മറ്റൊരാളും വിളിച്ചതോടെ ഭയന്നുപോയ ഭാർഗവൻ, ഇവർ ആവശ്യപ്പെട്ടപ്രകാരം അക്കൗണ്ടു വിവരങ്ങൾ കൈമാറി. പിന്നീട് ഭാർഗവനെ ഭീഷണിപ്പെടുത്തി ബാങ്കിലേക്ക് പറഞ്ഞയച്ച് ഭാർഗവന്റെ അക്കൗണ്ടിൽ നിന്നും ഭാര്യയുടെ അക്കൗണ്ടിൽ നിന്നുമുള്ള പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നു.
ഇക്കാര്യം പുറത്തറിയിച്ചാൽ വിദേശത്തുള്ള മകനെയടക്കം അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ വിവരം മറ്റൊരാളോടും ഇവർ പറഞ്ഞില്ല. പണം കൈമാറിയ ശേഷമാണ് തട്ടിപ്പാണെന്ന് ഭാർഗവന് മനസിലായത്. ഇതേത്തുടർന്ന് കഴിഞ്ഞ നാലിന് തളിപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. കോടികളുടെ തട്ടിപ്പായതിനാൽ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഒരു കോടി രൂപയിൽ താഴെയുള്ള തട്ടിപ്പ് കേസുകളാണ് ലോക്കൽ പോലീസ് അന്വേഷിക്കാറുള്ളത്. പിടിയിലായ ഫഹ്മി ജവാദ് തട്ടിപ്പ് സംഘത്തിലെ കണ്ണികളിൽ ഒരാളാണ്. വൻ സംഘം തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.
കോൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന അഫ്സാന ടൂർ ആൻഡ് ട്രാവൽസ് കേന്ദ്രമാക്കിയാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ഏഴംഗ സംഘമാണ് തട്ടിപ്പിന് പിറകിൽ. ഇതിൽ ചിലർ കൊല്ലം ജില്ലക്കാരാണെന്ന വിവരമുണ്ട്. നാട്ടിലെ സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകളാണ് തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത്. ഇവരുടെ അക്കൗണ്ടിൽ പണം ലഭിച്ചാലുടൻ തങ്ങൾ പറയുന്ന അക്കൗണ്ടിലേക്ക് വക മാറ്റണമെന്നും അതിന് ഒരു തുക പാരിതോഷികമായി നല്കുമെന്നും പറഞ്ഞാണ് അക്കൗണ്ട് ഇവർ തട്ടിപ്പിന് ഉപയോഗിക്കുന്നത്.
പണം തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് എത്തിയാൽ തുക സെക്കൻഡുകൾക്കുള്ളിൽ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റും. പിടിയിലായ ഫഹ്മി ജവാദിന്റെ അക്കൗണ്ടിൽ വൻ തുക എത്തിയതായും വ്യക്തമായിട്ടുണ്ട്.പയ്യന്നൂരിലെ ടാക്സ് ഓഫീസർ എഗാർ വിൻസെന്റിൽ നിന്ന് സമാനരീതിയിൽ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഇതിൽ അന്വേഷണം തുടരുകയാണ്.