കരടിയെ കണ്ടെന്ന് നാട്ടുകാർ; സാധ്യതയില്ലെന്ന് വനംവകുപ്പ്
1479004
Thursday, November 14, 2024 6:15 AM IST
ചെറുപുഴ: പ്രാപ്പൊയിൽ എയ്യങ്കല്ലിൽ കരടിയെ കണ്ടെന്ന് നാട്ടുകാർ. ഇന്നലെ രാവിലെ 11 ഓടെ എയ്യൻകല്ലിലെ കണിയാമ്പറമ്പിൽ പൊന്നപ്പൻ എന്നയാളാണു കരടിയോടു സാദൃശ്യമുള്ള ജീവിയെ വീടിനു സമീപത്തുനിന്നും കണ്ടുവെന്നു പറഞ്ഞത്. പിന്നീട് തൂമ്പുങ്കൽ കുര്യനും ഭാര്യയും കറുത്ത നിറത്തിൽ നിറയെ രോമങ്ങളോടു കൂടിയ ജീവിയെ കണ്ടുവെന്നും പറഞ്ഞു. ഇതിന് ഒരാഴ്ച മുന്പ് എയ്യങ്കല്ലിലെ നെയ്യുണ്ണിയിൽ സുരേഷിന്റെ അമ്മയും മകളും കറുത്ത നിറയെ രോമങ്ങളുള്ള ഒരു ജീവിയെ ഇവരുടെ വീടിനു സമീപം കണ്ടതായി പഞ്ചായത്തംഗം വി. ഭാർഗവിയോട് പറഞ്ഞു.
സംഭവമറിഞ്ഞ് നിരവധി ആളുകൾ തടിച്ചുകൂടി. വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. രതീശന്റെ നേതൃത്വത്തിൽ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കരടിയുടേതായി യാതൊരു സൂചനയും ലഭിച്ചില്ല. കരടിയെന്നു സംശയിക്കുന്ന ജീവി പോയതെന്നു കരുതുന്ന വഴിയെയാണു തെരച്ചിൽ നടത്തിയത്. ഈ ഭാഗത്ത് ആൾത്താമസമില്ല.
റബർ തോട്ടവും കാടുകളുമാണ്. എന്നാൽ, ഈ ഭാഗത്ത് കരടിയെത്താനുള്ള സാധ്യത കുറവാണെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ, നാട്ടുകാർ കരടിയോടു സാമ്യമുള്ള ജീവിയെ കണ്ടുവെന്നു പറയുമ്പോൾ രണ്ടുമൂന്നു ദിവസം നിരീക്ഷണം നടത്താനാണ് തീരുമാനം.
പ്രാപ്പൊയിൽ-രയറോം റോഡിൽ എയ്യങ്കല്ല്, പെരുവട്ടം, കുണ്ടേരി എന്നിവിടങ്ങളിൽ ധാരാളം സ്ഥലങ്ങളും തോട്ടങ്ങളും വിജനമായി കിടക്കുന്നുണ്ട്. കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളുമുണ്ട്. ഇവിടെയൊക്കെ കുറുനരി, കാട്ടുപന്നി, കുരങ്ങ്, മയിൽ തുടങ്ങിയവ ധാരാളം ഉണ്ട്. ഇവിടെ മറ്റു വന്യമൃഗങ്ങളും എത്താൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.
പുലിപ്പേടിയിൽ കഴിയുന്ന മലയോര ജനതയെ കരടിയുമെത്തിയെന്ന വാർത്ത ഭീതിയിലാക്കിയിരിക്കുകയാണ്. റബർ ടാപ്പിംഗ് തൊഴിലാളികൾ ഏറെ ആശങ്കയിലാണ്. കാട്ടുപന്നിയെ പേടിച്ചാണു പലരും ടാപ്പിംഗിനു പോകുന്നത്. അതിനിടയിലാണു പുലിയും കരടിയുമെത്തിയിരിക്കുന്നത്. ഇതോടെ കൃഷിയിടങ്ങളിൽ ജോലിക്കു പോകാനും ആളുകൾ മടിക്കുകയാണ്.