ജില്ലാ കോടതി കെട്ടിട സമുച്ചയം ഉദ്ഘാടനം ഡിസംബറിൽ
1479209
Friday, November 15, 2024 5:23 AM IST
തലശേരി: 222 വർഷത്തെ പാരമ്പര്യമുള്ള ജില്ലാ കോടതിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടം ഡിസംബറിൽ നടക്കും. തലശേരി കോടതി വളപ്പിൽ അറബിക്കടലിനെ അഭിമുഖീകരിച്ചു ആർച്ച് മാതൃകയിലുള്ള എട്ടുനില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. പുതിയ കെട്ടിടത്തിൽ136 മുറികളാണുള്ളത്. ജുഡീഷ്യൽ ഓഫീസർമാർ, ഗവ. പ്ലീഡർമാർ, സാക്ഷികൾ, അഭിഭാഷകർ, എന്നിവർക്കെല്ലാം വിശ്രമ മുറികൾ, കാന്റീൻ, പോസ്റ്റ് ഓഫീസ്, മുലയൂട്ടൽ കേന്ദ്രം എന്നിവയും കെട്ടിത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഫയർ ടാങ്ക്, മഴവെള്ള സംഭരണി എന്നിവയും ഒരുക്കിയിട്ടുണ്ട്.
കിഫ്ബി ഫണ്ടിൽ നിന്ന് 56കോടി ചെലവഴിച്ചാണ് കെട്ടിടം പണിതത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തായിരുന്നു നിർമാണം ആരംഭിച്ചത്. നിലവിൽ പതിനാല് കോടതികളാണ് നാലേക്കർ വരുന്ന കോടതി വളപ്പിൽ പ്രവർത്തിക്കുന്നത്. തലശേയുടെ പൈതൃകം വിളിച്ചോതുന്ന പുരാതന കെട്ടിടങ്ങളിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉൾപ്പെടെ പ്രവർത്തിക്കുന്നത്.
പ്രിൻസിപ്പൽ സെഷൻസ് കോടതി ഉൾപ്പെടെ അഞ്ച് സെഷൻസ് കോടതികളും, കുടുംബ കോടതി, മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ, പോക്സോ സ്പെഷൽ കോടതി, മജിസ്ട്രേറ്റ് കോടതികൾ ഉൾപ്പെടെയാണ് പഴയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്.
കെട്ടിടത്തിന്റെഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലയിലെ എംഎൽഎമാരും എംപിമാരുമാരും രക്ഷാധികാരികളായും സ്പീക്കർ എ.എൻ. ഷംസീർ ചെയർമാനായും ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ജനറൽ കൺവീനറായും കമ്മിറ്റി രൂപീകരിച്ചു.