സഫലം പഠന പരിപോഷണ പരിപാടിക്കു തുടക്കമായി
1478995
Thursday, November 14, 2024 6:15 AM IST
ഇരിട്ടി: കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആദിവാസി തോട്ടം തീരദേശ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള പ്രത്യേക പഠന പരിപോഷണ പരിപാടി "സഫലം' ആറളം ഫാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അക്കാദമികവും ഭൗതിക വുമായ പരിമിതികള്‍ക്ക് പരിഹാരം കണ്ടെത്താനും ഓരോ കുട്ടിയുടെയും കഴിവുകളും താത്പര്യങ്ങളും തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാനും രക്ഷകര്‍ത്താക്കള്‍ക്ക് അവബോധം നലാകാനും വേണ്ടിയുള്ള പദ്ധതിയാണിത്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ബോധവത്കരണ ക്ലാസുകള്‍, ശില്പശാലകള്, സഹ വാസ ക്യാന്പുകള്‍, പഠന വിജ്ഞാന യാത്രകള്‍, രക്ഷാകര്‍തൃ ബോധനം തുടങ്ങിയ വിവിധ പരിപാടി കളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രക്ഷാധികാരിയായിട്ടുള്ള സ്കൂള്‍തല പദ്ധതി നിര്‍വഹണ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സഫലം പദ്ധതി ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മിനി ദിനേശന് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. ശകുന്തള, ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി. പ്രേമരാജന്‍, ഇരിട്ടി ബിപിസി ടി.എം. തുളസീധരന്‍ എന്നിവര്‍ സംസാരിച്ചു. മുഖ്യാധ്യാപകൻ ഒ.പി. സോജന്, സി.എ. അബ്ദുല്‍ ഗഫൂര്‍, പ്രിന്‍സിപ്പല്‍ വിനയരാജ്, കോട്ടി കൃഷ്ണന്, സി.എന്‍. ശ്രീജ, കെ. സല്‍ഗുണന്‍ എന്നിവര്‍ പ്രസംഗിച്ചു.