ആഴക്കടല്‍ കീഴടക്കി ഷാജി
1478477
Tuesday, November 12, 2024 7:00 AM IST
കണ്ണൂര്‍: തിരയൊഴിയാത്ത മുഴുപ്പിലങ്ങാട് കടലിനെയും കടലിന് സമാന്തരമായി കടപ്പുറത്ത് തടിച്ചുകൂടിയ ജനസാഗരത്തെയും സാക്ഷിനിര്‍ത്തി ഭിന്നശേഷിക്കാരനായ പി. ഷാജി നടത്തിയ സാഹസിക നീന്തല്‍ പ്രകടനം കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായി മാറി. റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരനും ഭിന്നശേഷിക്കാരനുമായ ഷാജിയും അദ്ദേഹത്തോടൊപ്പം പ്രശസ്ത അത്ലറ്റ് മറിയ ജോസും സംഘവുമാണ് നീന്തലിനിറങ്ങിയത്. മുഴുപ്പിലങ്ങാട് തെറിമ്മല്‍ ഭാഗത്തുനിന്നും ആരംഭിച്ച നീന്തൽ ശ്രീനാരായണ മന്ദിരം ബീച്ച് ഭാഗത്താണ് അവസാനിച്ചത്. മൂന്നുകിലോമീറ്ററോളം നീന്തി. തുടര്‍ന്ന് വൈകുന്നേരം ആഴക്കടലില്‍ നിന്നാരംഭിച്ച് കരയില്‍ അവസാനിച്ച ആഴക്കടല്‍ നീന്തലും ഷാജി വിജയകരമായി പൂര്‍ത്തീകരിച്ചു.
കായിക മത്സരങ്ങളില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, ലഹരി ഉപയോഗങ്ങള്‍ക്കെതിരായ സന്ദേശം പകര്‍ന്നു നല്‍കുക, നീന്തലിന്റെ ആരോഗ്യപരമായ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവിതവും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, റവന്യൂ ഡിപ്പാര്‍ട്ട്മെന്റ്, ആസ്റ്റര്‍ വോളണ്ടിയേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ നടന്ന പരിപാടി കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസും വൈകുന്നേരം നടന്ന പരിപാടി കണ്ണൂര്‍ അസി. കളക്ടര്‍ സായി കൃഷ്ണയും ഉദ്ഘാടനം ചെയ്തു.