അന്തർസംസ്ഥാന കവര്‍ച്ചാസംഘം ആയുധങ്ങളുമായി അറസ്റ്റില്‍
1479001
Thursday, November 14, 2024 6:15 AM IST
കാസര്‍ഗോഡ്: കേരളത്തില്‍ വന്‍കവര്‍ച്ച ലക്ഷ്യമിട്ട് കര്‍ണാടകയില്‍ നിന്നെത്തിയ അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തിന്റെ തലവന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. മൂന്നുപേര്‍ രക്ഷപ്പെട്ടു. സംഘത്തലവന് കര്‍ണാടക കബക്ക കൊയില ഇബ്രാഹിം കലന്തര്‍ (42), ഉള്ളാളിലെ മുഹമ്മദ് ഫൈസല്‍ (36), തുംകൂര്‍ മേലേക്കോട്ടെ സയ്യിദ് അമാന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച മഞ്ചേശ്വരം മജീര്‍പള്ളയില്‍ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ കവര്‍ച്ചാസംഘം സഞ്ചരിച്ച കാര്‍ നിര്‍ത്താതെപോയി.
നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാത്ത സ്വിഫ്റ്റ് കാര്‍ പിന്തുടര്ന്ന് ദൈഗോളിക്കു സമീപം നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാരും കാര്‍ യാത്രക്കാരും തമ്മില്‍ കൈയാങ്കളിയുണ്ടായി. നാലുപേര്‍ നാട്ടുകാരെ ആക്രമിച്ച് കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പരിക്കേറ്റ ഫൈസലിനെയും അമാനെയും നാട്ടുകാര്‍ തടഞ്ഞുവച്ചു. പോലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ കാറില്‍നിന്ന് ഗ്യാസ് കട്ടര്‍, ഓക്സിജന്‍ സിലിണ്ടര്‍, ഗ്യാസ് സിലിണ്ടര്‍, ഡ്രില്ലിംഗ് മെഷീന്, വടിവാളുകള്‍, കൊടുവാളുകള്‍, കൊത്തുളികള് എന്നിവയ്ക്ക് പുറമെ കയ്യുറകള്‍, മങ്കി ക്യാപ്പുകള്‍, ബാഗുകള്‍ എന്നിവ കണ്ടെടുത്തു.
രക്ഷപ്പെട്ട പ്രതികളെ പിടികൂടാനായി ഓരോ പോലീസ് സ്റ്റേഷനിലും പ്രത്യേകം ക്രൈം സ്ക്വാഡുകള്‍ രൂപീകരിച്ചു നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരം ഉപ്പളയില്‍ ബദിയടുക്ക എസ്ഐ നിഖിലും സംഘവും കലന്തറിനെ പിടികൂടുകയായിരുന്നു. ബദിയടുക്ക മാന്യ അയ്യപ്പ ഭജന മന്ദിരത്തിന്റെ പൂട്ടുപൊളിച്ച് ശ്രീകോവിലിനകത്തുണ്ടായിരുന്ന വെള്ളിയില്‍ തീര്‍ത്ത പിത്തളയില്‍ ഫ്രെയിം ചെയ്ത വിഗ്രഹവും സ്വര്ണത്താലിയോടുകൂടിയ വെള്ളി രുദ്രാക്ഷ മാലയും കാണിക്ക വഞ്ചിയിലെ പണവും ഉള്‍പ്പെടെ അഞ്ചു ലക്ഷം രൂപയുടെ മുതലുകള്‍ കളവ് ചെയ്തു കൊണ്ടുപോയ സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരവേയാണ് കലന്തറിനെ അറസ്റ്റ് ചെയ്യുന്നത്.
പൊയിനാച്ചി ധര്‍മശാസ്ത ക്ഷേത്രത്തിലും എടനീര്‍ ക്ഷേത്രത്തിലും കര്‍ണാടകയിലെ ബണ്ട്വാള്‍ ക്ഷേത്രം, മടിക്കേരി ബാങ്ക് കവര്‍ച്ച ശ്രമം, കുശാല്‍ നഗര്‍ വീട് കുത്തിത്തുറന്നു മോഷണം തുടങ്ങി മറ്റു നിരവധി മോഷണ കേസുകളില്‍ പ്രതി ആണെന്ന് ഇബ്രാഹിം കലന്തറും സംഘവുമെന്ന് പോലീസ് പറഞ്ഞു,
മുഹമ്മദ് ഫൈസല്‍ കര്‍ണാടകയിലെ ഉള്ളാള്‍, ഉഡുപ്പി, മംഗളുരു സൗത്ത്, ഉഡുപ്പി ടൗണ്‍, കൊണാജെ, മുല്‍കി എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കളവ് കേസുകളിലും കുമ്പള മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകളിലെ ഓരോ കേസുകളിലും കര്‍ണാടകയിലെ ബേരികെ പോലീസ് സ്റ്റേഷനിലെ ഒരു കൊലപാതക കേസിലും ഉള്‍പ്പെട്ടെ 16 ഓളം കേസുകളില്‍ പ്രതിയാണ്. സയ്യിദ് അമാന്‍ കര്‍ണാടകയിലെ തുംകൂര്‍ മഹിള പോലീസ് സ്റ്റേഷനിലെ പോക്സോ കേസിലെ പ്രതിയുമാണ്. രക്ഷപ്പെട്ട മറ്റു പ്രതികളെകുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ട്.
ഹോട്ടല്‍ വെയിറ്ററില്‍ നിന്നു
ബാങ്ക് കൊള്ളക്കാരനിലേക്ക്
കുമ്പളയിലെ ഹോട്ടലില്‍ വെയിറ്ററായി ജീവിതം തുടങ്ങിയ ഇബ്രാഹിം കലന്തര്‍ പിന്നീട് അന്തര്സംസ്ഥാനകൊള്ളക്കാരനായി മാറുകയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി എട്ടിന് കേരള അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന അഡ്യനടുക്കയിലെ കര്‍ണാടക ബാങ്കില്‍ നിന്ന് രണ്ടുകിലോ സ്വര്‍ണവും 17.28 ലക്ഷം രൂപയും ഒരുലക്ഷം രൂപ വിലമതിക്കുന്ന വെള്ളി ആഭരണങ്ങളും കവര്‍ന്നിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.
കലന്തറിനെ കൂടാതെ ബണ്ട്വാളിലെ മുഹമ്മദ് റഫീഖ്, മഞ്ചേശ്വരം ബായാറിലെ എസ്.ദയാനന്ദ് എന്നിവരെയും വിട്ള പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2.40 ലക്ഷം രൂപ പണമായും രണ്ടുലക്ഷം രൂപയുടെ വീട്ടുസാധനങ്ങളും 12.48 ലക്ഷത്തിന്റെ ആഭരണങ്ങളും ഒരു ബ്രെസ കാറും ഉള്‍പ്പെടെ 25.71 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തത്. ജൂണിലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങുന്നത്. അതിനുശേഷം നിരവധി കവര്‍ച്ചകള്‍ നടത്തി. ആദ്യത്തെ ഭാര്യയില്‍ മൂന്നു മക്കളുള്ള ഇയാള്‍ വിവാഹമോചനം നേടി. 2010ല്‍ ഉപ്പള ബംബ്രാണ കൊടിയമ്മയിലെ യുവതിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. ഭാര്യവീട്ടിലായിരുന്നു താമസം.