കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്: കെ.കെ. രത്നകുമാരി പ്രസിഡന്റ് സ്ഥാനമേറ്റു
1479208
Friday, November 15, 2024 5:23 AM IST
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.കെ രത്നകുമാരി ചുമതലയേറ്റു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജൂബിലി ചാക്കോയെ ആണ് പരാജയപ്പെടുത്തിയത്. രത്നകുമാരിക്ക് 16 വോട്ടും ജൂബിലിക്ക് ഏഴു വോട്ടും ലഭിച്ചു. 24 അംഗ ഭരണമിതിയില് എൽഡിഎഫിന് 17 അംഗങ്ങളും യുഡിഎഫിന് ഏഴ് അംഗങ്ങളുമാണുള്ളത്.
മുൻ പ്രസിഡന്റ് സിപിഎമ്മിലെ പി.പി. ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് പി.പി. ദിവ്യ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ വരണാധികാരിയായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ ബിനോയ് കുര്യൻ രത്നകുമാരിയുടെ പേര് നിര്‍ദേശിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു പിന്താങ്ങി. യുഡിഎഫിലെ തോമസ് വക്കത്താനമാണ് ജൂബിലി ചാക്കോയുടെ പേര് നിര്‍ദേശിച്ചത്. ആബിദ പിന്താങ്ങി. വോട്ടെടുപ്പിന് ശേഷം വരണാധികാരിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രത്നകുമാരിയെ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, കെ.വി. സുമേഷ് എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ, എൽഡിഎഫ് നേതാക്കളായ കെ.പി.സുധാകരൻ, കെ. സുരേശൻ, ഇഖ്ബാൽ പോപ്പുലർ, ശശിധരൻ നന്പ്യാർ എന്നിവർ സന്ദർശിച്ച് അഭിനന്ദമറിയിച്ചു.