കുപ്പിവെള്ള പ്ലാന്റ് നിർമിക്കാൻ നീക്കം; പ്രക്ഷോഭവുമായി പ്രദേശവാസികൾ
1478996
Thursday, November 14, 2024 6:15 AM IST
ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ തുടിമരത്ത് കുടിവെള്ള പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രക്ഷോഭവുമായി നാട്ടുകാർ. തലശേരി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പദ്ധതിക്കാ യി നിരവധി കുഴൽക്കിണറുകളാണ് കുഴിച്ചിരിക്കുന്നതെന്നും നിത്യവും പതിനായിരക്കണക്കിന് ലിറ്റർ വെള്ളം കുപ്പികളിലാക്കി വിതരണം നടത്താനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചാണ് പഞ്ചായത്ത് കഴിഞ്ഞ വർഷം പോലും വേനൽക്കാലത്ത് മേഖലയിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടിരുന്നത്. കുഴൽക്കിണറുകളിലൂടെ വെള്ളം ചോർത്തുമ്പോൾ ജല ദൗർലഭ്യത്തിന് ആക്കം കൂട്ടുകയും പ്രദേശത്തെ കിണറുകളിലെയും മറ്റ് ജലാശയങ്ങളിലെയും ജലം താഴുകയും വറ്റിപ്പോകുകയും ചെയ്യും. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്കും പഞ്ചായത്തധികൃതർക്കും പരാതികൾ നല്കിയതിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.
എന്നാൽ, പഞ്ചായത്ത് പ്രാഥമികാംഗീകാരം കൊടുത്തതുകൊണ്ടാണ് തങ്ങൾ പരിശോധനയ്ക്കെത്തി യതന്നാണ് അവർ പറഞ്ഞിരുന്നത്. കുപ്പിവെള്ള പദ്ധതിക്കായി ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്നും കറിപൗഡർ നിർമാണം പോലുള്ളവയ്ക്കാണ് അനുമതി തേടിയിരുന്നതെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ മറുപടി.
ഇതിനിടെ പദ്ധതിക്കെതിരേ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ. പത്രസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എം.എൻ. രാജപ്പൻ, പി.സി. ജോസ്, സുബിൻ ചീരംകുന്നേൽ, സനിൽ ജോർജ് വലിയവീട്ടിൽ, ഷീൻ കുനങ്കിയിൽ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.