സഹായം വാഗ്ദാനം ചെയ്ത് പണവും സ്വർണവും തട്ടിയ ആൾ അറസ്റ്റിൽ
1479003
Thursday, November 14, 2024 6:15 AM IST
കണ്ണൂർ: പാവപ്പെട്ട രക്ഷിതാക്കളെ വലയിലാക്കി മക്കൾക്ക് വിദേശ ജോലിയും പെൺമക്കളുടെ വിവാഹത്തിന് സ്വർണവും പണവും ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുന്ന കുപ്രസിദ്ധ തട്ടിപ്പുകാരനെ കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ എടക്കര വില്ലേജ് ഓഫീസിനു സമീപത്തെ കെ. കുഞ്ഞിമോനെയാണ് (53) കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൈസൂരുവിൽവച്ച് അറസ്റ്റ് ചെയ്തത്.
കാസർഗോഡ് സ്വദേശി അൻസാറിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഒരു പള്ളിയിൽവച്ച് അൻസാറിനെ പരിചയപ്പെട്ട പ്രതി മകന് താമരശേരിയിലെ ഒരു ചാരിറ്റി സ്ഥാപനം മുഖേന വിദേശത്ത് ജോലിയും മകളുടെ വിവാഹത്തിന് സ്വർണവുമുൾപ്പടെ ലഭ്യമാക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
വിദേശ ജോലിക്കായി മെഡിക്കൽ പരിശോധന, മറ്റ് കാര്യങ്ങൾ എന്നിവയ്ക്കായി 60,000 രൂപ കൈപ്പറ്റുകയും ചെയ്തു. സെപ്റ്റംബർ26ന് പ്രതി അൻസാറുമായി ബന്ധപ്പെടുകയും ചാരിറ്റി സ്ഥാപന നടത്തിപ്പുകാരിലെ പ്രമുഖൻ കണ്ണൂരിലെ ഒരാശുപത്രിയിൽ ചികിത്സയിലുണ്ടെന്നും വന്നു കാണണമെന്ന് നിർദേശിക്കുകയും ചെയ്തു. കൈയിലെന്തെങ്കിലും സ്വർണമുണ്ടെങ്കിൽ അത് മികച്ച വിലയ്ക്ക് മാറ്റിയെടുക്കാമെന്നും വിശ്വസിപ്പിച്ചു. ഇതു പ്രകാരം അൻസാർ പഴയ രണ്ടു വളയും രണ്ടു മാലയുമായാണ് എത്തിയത്.
ആശുപത്രിക്ക് സമീപം കാത്തിരുന്ന പ്രതി തന്ത്രപൂർവം സ്വർണം കൈക്കലാക്കിയ ശേഷം ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ആശുപത്രിയിൽ വച്ച് ഇയാൾ മുങ്ങി. പിന്നീട് പ്രതിപറഞ്ഞു കൊടുത്ത മുറിയിൽ എത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടത് അൻസാർ അറിയുന്നത്. ഉടൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി കാമറ ദൃശ്യം ഉൾപ്പടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയുന്നത്. കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ ഉൾപ്പടെ സംസ്ഥാനത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാന തട്ടിപ്പു കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പലയിടങ്ങളിലും പല പേരുകളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
ചിലയിടങ്ങളിൽ സർക്കാർ ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പത്തിലധികം സിം കാർഡുകളും പ്രതിയുടെ കൈയിലുണ്ടായിരുന്നു. ഒരോയിടത്തും തട്ടിപ്പ് നടത്തുന്നതിന് ഉപയോഗിക്കുന്ന സിം പിന്നീട് എറെക്കാലം ഉപയോഗിക്കാതെ മാറ്റിവയ്ക്കുന്നതാണ് പ്രതിയുടെ രീതി. എസ്ഐമാരായ അജയൻ, ഷാജി, സിവിൽ പോലീസ് ഓഫീസർമാരായ നാസർ, ഷൈലേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.