സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന് നടപടി നേരിട്ടയാൾ ഏരിയാ കമ്മിറ്റിയിൽ
1478481
Tuesday, November 12, 2024 7:00 AM IST
സ്വന്തം ലേഖകൻ
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പിന്തുണയ്ക്കുംവിധമുള്ള സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രസംഗം വിവാദമായതിന് പിന്നാലെ വീണ്ടും വിവാദങ്ങള്‍ തലപൊക്കുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നതിന് പാർട്ടി നടപടിക്ക് വിധേയനായ വ്യക്തിയെ പെരിങ്ങോം ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതാണ് പുതിയ വിവാദത്തിന് വഴി വച്ചത്.
പെരിങ്ങോം ഏരിയ കമ്മിറ്റിയംഗമായിരുന്ന എം.വി. സുനില്‍കുമാറിനെതിരെ പെരുമാറ്റ ദൂഷ്യ ആരോപണമുണ്ടായതിനെ തുടർന്ന് കമ്മിറ്റിയില്‍നിന്നു നീക്കം ചെയ്തിരുന്നു. സ്ത്രീകളോടുള്ള പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലുയര്‍ന്ന വനിതാപ്രവർത്തകയുടെ പരാതിയിലായിരുന്നു നടപടി. ആരോപണ വിധേയനെ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതും ശക്തമായ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
അതിനിടെയാണ് കഴിഞ്ഞ ദിവസം നടന്ന പെരിങ്ങോം ഏരിയാ സമ്മേളനത്തില്‍ ഇയാളുള്‍പ്പെട്ട പാനല്‍ നേതൃത്വം അവതരിപ്പിച്ച് ഏരിയ കമ്മിറ്റിയിലേക്ക് എടുത്ത നടപടിയുണ്ടായത്. ബാലസംഘംമുതല് സജീവ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യമുള്ളവരെ തഴഞ്ഞ് പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കിയയാളെ അവരോധിച്ച നേതൃത്വത്തിന്റെ നടപടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ അമര്‍ഷമുണ്ട്. ഇതേത്തുടര്‍ന്ന് ആരോപണ വിധേയന്റെ പഴയ വാട്സാപ്പ് ചാറ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.