താരിഫ് വിലയുടെ പേരിൽ രജിസ്ട്രേഷൻ വകുപ്പ് ഇടപാടുകാരേ പീഡിപ്പിക്കുന്നു
1479008
Thursday, November 14, 2024 6:15 AM IST
ആലക്കോട്: സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് വരുന്ന ജനങ്ങളെ രജിസ്ട്രേഷൻ വകുപ്പ് താരിഫ് വിലയുടെ പേരിൽ പീഡിപ്പിക്കുന്നതായി പാരാതി. സർക്കാർ നിശ്ചയി ച്ച താരിഫ് വിലയിൽ രജിസ്ട്രേഷൻ നടത്തിയതിനുശേഷം, വില കുറഞ്ഞു പോയെന്നും ഇതിനെതിരേ നടപടി സ്വീകരിക്കുമെന്നും കാട്ടി നോട്ടീസ് അയച്ചാണ് പീഡനം.
ആലക്കോട്, ഉദയഗിരി, നടുവിൽ, ചപ്പാരപ്പടവ് മേഖലകളിൽ നിന്നാണ് വ്യാപക പരാതികൾ ഉയരുന്നിരിക്കുന്നത്. രജിസ്ട്രേഷൻ നടത്തുന്ന ഭൂമിയിലെ കെട്ടിടങ്ങളുടെ താരിഫ് വിലയുമായി ബന്ധപ്പെട്ടാണ് പരാതികളിൽ ഏറേയും. കെട്ടിടങ്ങളുടെ വാല്യൂവേഷൻ കുറവാണ്, ആധാരത്തിൽ വില കുറച്ചാണ് കാണിച്ചത്. ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കുമെന്നുമാണ് ജില്ലാ രജിസ്ട്രാർ ഇടപാടുകാർക്ക് അയച്ച നോട്ടീസിലുള്ളത്. അംഗീകൃത എൻജിനിയറുടെ വാല്യൂവേഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ച്, സർക്കാർ നിശ്ചയിച്ച താരിഫ് വില അനുസരിച്ചുള്ള തുക അടച്ച് രജിസ്ട്രേഷൻ നടത്തിയവർക്കാണ് ഈ ദുർഗതി.
രജിസ്ട്രേഷൻ സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തടസവാദങ്ങൾ ഒന്നും ഉന്നയിക്കാതിരുന്നതിന് ശേഷം പിന്നീട് നടപടികൾ സ്വീകരിക്കുമെന്ന് കാട്ടി നോട്ടീസ് അയയ്ക്കുന്നത് അനീതിയാണെന്നാണ് ഇടപാടുകാർ പറയുന്നത്.
ആലക്കോട് അടക്കമുള്ള മലയോര മേഖലകളിലെ രജിസ്ട്രാർ ഓഫീസുകളിൽ രജിസ്ട്രേഷൻ നടത്തിയവർക്കാണ് ജില്ലാ രജിസ്ട്രാറുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. കൃത്യമായ രേഖകൾ സമർപ്പിച്ചിട്ടും വീണ്ടും ഉയർന്ന വില അടപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പിൻമാറണമെന്നാണ് ഇടാപടുകാരുടെ ആവശ്യം. രജിസ്ട്രേഷൻ വകുപ്പിന്റെ നടപടിയിൽ ആധാരം എഴുത്തുകാർക്കും കടുത്ത അമർഷമുണ്ട്.