എംവിആർ പാപ്പിനിശേരി വെസ്റ്റ് എൽപി സ്കൂളിൽ ഡിജിറ്റൽ ഇ-ബുക്ക് പദ്ധതി
1465462
Thursday, October 31, 2024 7:47 AM IST
കണ്ണൂർ: കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ഇ -ബുക്ക് പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് എംവിആർ പാപ്പിനിശേരി വെസ്റ്റ് എൽപി സ്കൂൾ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിന്റെ (കോസ്ടെക് ) നേതൃത്വത്തിൽ കോസ്ടെക് ചെയർമാനും എംവിആർ പാപ്പിനിശേരി വെസ്റ്റ് എൽ.പി. സ്കൂൾ മാനേജരുമായ പ്രഫ. ഇ. കുഞ്ഞിരാമന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ വച്ച് ധാരണാപത്രം ഒപ്പിട്ടു.
ഡിജിറ്റൽ ഇ-ബുക്ക് എന്നത് പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പാണ്. പുസ്തകങ്ങൾ പോലെ തന്നെ ഇ-ബുക്കുകൾ കംപ്യൂട്ടർ, ടാബ്ലറ്റ്, സ്മാർട്ട്ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ വായിക്കാം. ഇതുവഴി കുട്ടികൾക്ക് പാഠഭാഗങ്ങൾ എളുപ്പത്തിൽ പഠിക്കാനും അധ്യാപകർക്ക് ലളിതമായി പഠിപ്പിക്കാനും രക്ഷിതാക്കൾക്ക് കൂടുതൽ സുതാര്യമായി കുട്ടികളുടെ പഠനകാര്യങ്ങളിൽ ഇടപെടാനും സാധിക്കും.
ചടങ്ങിൽ ഇൻക്മൈൻഡ് മാനേജിംഗ് പാർട്ണർ സജികുമാർ തോട്ടുപുര വിദ്യാർഥികൾക്കായുള്ള ഡിജിറ്റൽ എഡ്യൂക്കേഷൻ സമ്പ്രദായത്തെക്കുറിച്ചും ഇ -ബുക്ക് പദ്ധതിയെക്കുറിച്ചും വിശദീകരണം നടത്തി. എമിറ്റി ടെക്ക്നോപോളിസ് സിഇഒ ബദറുദീൻ മുഹമ്മദ്, സായ് സന്ത്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് പ്രോജക്ട് കോർഡിനേറ്റർ തോമസ് സെബാസ്റ്റ്യൻ, സ്കൂൾ ഹെഡ്മാസ്റ്റർ ടി.വി. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.