ആസാം സ്വദേശിക്ക് തെരേസ ഭവനിലൂടെ പുതുജീവിതം
1464634
Monday, October 28, 2024 7:37 AM IST
പയ്യാവൂർ: വെമ്പുവ തെരേസ ഭവനിലെ കാരുണ്യ ശുശ്രൂഷയിലൂടെ ആസാം സ്വദേശിയായ ഭദ്ര ബോർഡോലൈക്ക് (39) തിരിച്ചുകിട്ടിയത് പുതുജീവിതം; ഒപ്പം ജീവിതപങ്കാളിയെയും അഞ്ചു മക്കളെയും. മൂന്നാഴ്ചകൾക്ക് മുന്പു വരെ പയ്യാവൂർ വെമ്പുവ പ്രദേശങ്ങളിൽ മാനസികരോഗാവസ്ഥയിൽ സുബോധം നഷ്ടപ്പെട്ട് പല വീടുകളിലും മറ്റും കയറിയിറങ്ങി പ്രദേശവാസികളിൽ ഭീതി പരത്തി അലഞ്ഞുതിരിഞ്ഞു നടന്ന ഇയാളെ ഏരുവേശി പഞ്ചായത്ത് മുൻ പ്രസിഡന്റ് ടെസി ഇമ്മാനുവലും കുടിയാന്മല പോലീസും നാട്ടുകാരും ചേർന്നാണ് വെമ്പുവയിലെ അഗതി സംരക്ഷണ കേന്ദ്രമായ തെരേസ ഭവനിൽ എത്തിച്ചത്.
തെരേസ ഭവനിലെ സ്നേഹ ശുശ്രൂഷയിലൂടെയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടമാരായ അരുണിന്റെയും ലില്ലിയുടെയും ചികിത്സയിലൂടെയും ഈ യുവാവ് പൂർണസുഖം പ്രാപിക്കുകയായിരുന്നു.
ആസാമിൽനിന്ന് ജോലിക്കായി ഒരു മാസം മുമ്പ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇയാൾക്ക് പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. ഇദ്ദേഹം നൽകിയ ഫോൺ നമ്പർ പ്രകാരം ആസാമിലെ മരികോൺ ജില്ലയിലെ ഓഗറി ബാരിയിലുള്ള ഭാര്യ സോസി ബോർഡോലൈയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ദേവ്, കൃഷ്ണ, ഉപാലി, മിഥുസ്മിത, ഹിദ എന്നിവരാണ് മക്കൾ. കണ്ണൂർ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന ഇവരുടെ നാട്ടുകാരായ ആന്റണി ബോർഡോലൈ, ബിഷാന്ത് എന്നിവരുടെ സഹായത്തോടെയാണ് തെരേസ ഭവനിൽനിന്ന് ആസാമിലേക്ക് യാത്രതിരിച്ചത്.