ദുരന്ത ഭീഷണിയിൽ രാജഗിരിയിലെ ക്വാറികൾ
1465025
Wednesday, October 30, 2024 5:53 AM IST
ചെറുപുഴ: രാജഗിരിയിലെ ക്വാറികളിൽ ആർഡിഒയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇവിടെ പ്രവർത്തിക്കുന്ന കബനി ബ്ലൂ മെറ്റൽസ്, രാജഗിരി ഗ്രാനൈറ്റ് എന്നീ രണ്ടു കരിങ്കൽ ക്വാറികൾക്കെതിരെ നിരവധി പരാതികളാണ് ഉയർന്ന സാഹചര്യത്തിലായിരുന്നു പരിശോധന.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിലാണ് ക്വാറികളുടെ പ്രവർത്തനം. ക്വാറിയിൽനിന്നു തള്ളുന്ന മണ്ണ് പിഡബ്ല്യുഡി റോഡരികിൽ അപകടകരമാംവിധം കൂട്ടിയിട്ടിരിക്കുകയാണ്.
രാജഗിരി - ജോസ്ഗിരി പിഡബ്ല്യുഡി റോഡിലെ ഓവുചാൽ ക്വാറി മാലിന്യങ്ങളിട്ട് നികത്തിതടക്കമുള്ള നിരവധി പരാതികളാണ് രാജഗിരി പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ കണ്ണൂർ ആർഡിഒ ടി.വി. രഞ്ജിത്തിന്റേയും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടേയും മുന്നിൽ നിരത്തിയത്.
ആർഡിഒ ടി.വി. രഞ്ജിത്തും ഉന്നത ഉദ്യോഗസ്ഥ സംഘവും രണ്ടു ക്വാറികളുടേയും പ്രവർത്തനങ്ങൾ നേരിൽക്കണ്ട് വിലയിരുത്തി. ഉന്നത സംഘം പരിശോധനയ്ക്കെത്തുന്നതറിഞ്ഞ് തിരക്കിട്ട് ക്വാറികളിൽ പലതരത്തിലുള്ള പണികളും നടത്തി ഉദ്യോഗസ്ഥരെ കബളിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതായും ജനപ്രതിനിധികളും നാട്ടുകാരും ചൂണ്ടിക്കാട്ടി.
ആർഡിഒ ടി.വി. രഞ്ജിത്തിനൊപ്പം അസി. ജിയോളജിസ്റ്റ് കെ. റെഷീദ്, സോയിൽ കൺവേർഷൻ ഓഫീസർ വി.വി. പ്രകാശൻ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ കെ. രാഖി, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ സി. സവിത, ജില്ലാ ഭൂജല വകുപ്പ് ഓഫീസർ കെ.എ. പ്രവീൺ കുമാർ, ഹസാർഡ് അനലിസ്റ്റ് എസ്. ഐശ്വര്യ, പയ്യന്നൂർ തഹസിൽദാർ, ടി. മനോഹരൻ, ചെറുപുഴ പഞ്ചായത്ത് ജൂണിയർ സൂപ്രണ്ട് പി. അനിൽകുമാർ, പുളിങ്ങോം വില്ലേജ് ഓഫീസർ കെ.എസ്. വിനോദ് കുമാർ എന്നിവരുമുണ്ടായിരുന്നു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, ജനപ്രതിനിധികൾ, രാജഗിരി പൈതൃക സംരക്ഷണ സമിതി ഭാരവാഹികൾ, നാട്ടുകാർ എന്നിവരും സന്നിഹിതരായിരുന്നു.