പുലി ഭീതിയിൽ കാര്യപ്പള്ളി; സാധ്യത തള്ളാതെ വനം വകുപ്പ്
1464639
Monday, October 28, 2024 7:37 AM IST
പെരുമ്പടവ്: എരമം-കുറ്റൂർ പഞ്ചായത്തിലെ കായപ്പൊയിൽ, അനിക്കം, വെള്ളോറ, കാര്യപ്പള്ളി പ്രദേശങ്ങളിൽ പുലിയിറങ്ങിയതായി സംശയം. ശനിയാഴ്ച വൈകുന്നേരം 6.30ന് വെള്ളോറ അനിക്കം റോഡിൽ വെള്ളോറ സ്മശാനത്തിനടുത്ത് നിന്ന് ഷിബു എന്നയാളാണ് ആദ്യം പുലിയെ കണ്ടത് എന്നു പറയപ്പെടുന്നു.
തുടർന്ന് രാത്രി 9.30ന് കാര്യപ്പള്ളി പെരുവാമ്പ റോഡിൽ കാര്യപ്പള്ളി ട്രാൻസ്ഫോർമറിനു സമീപത്ത് പിക്കപ്പ് ജീപ്പിന് പെരുവാമ്പയിൽ നിന്നും കാര്യപ്പള്ളിയിലേക്ക് വന്ന രാജേഷ് എന്നയാളും ഇന്നലെ പുലർച്ചെ 4.30ന് കക്കറ ചെമ്പുല്ലാഞ്ഞി എന്ന സ്ഥലത്ത് പത്രം എടുക്കാൻ പോയവരും പുലിയെ കണ്ടതായി പറയുന്നു.
ഇന്നലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.കെ. ജിജേഷിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം പ്രദേശം പരിശോധിച്ചു. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാദം ഒന്നും കണ്ടെത്താനായില്ല. എന്നാൽ, ദൃക്സാക്ഷികളിൽ നിന്നും ശേഖരിച്ച വിവരം അനുസരിച്ച് കണ്ടത് പുലി തന്നെയാണ് എന്ന സാധ്യതയും തള്ളിക്കയാൻ പറ്റില്ല എന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ദിവസങ്ങളായി പലയിടത്തും പുലിയെ കണ്ടു എന്ന അഭ്യഹങ്ങൾ പരക്കുന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തരാണ്.
എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. രാമചന്ദ്രൻ പഞ്ചായത്തംഗങ്ങളായ എം. രാധകൃഷ്ണൻ, പ്രേമ സുരേഷ്, പി. വീണ എന്നിവർ പുലിയെ കണ്ടതായി പറയപ്പെടുന്ന പ്രദേശങ്ങൾ സന്ദർശിച്ചു.
പുലർച്ചെ റബർ ടാപ്പിംഗിന് പോകുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതുപോലെ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കാനും ഭൂരിഭാഗം രക്ഷിതാക്കളും ഭയാശങ്കയിലാണ്. രണ്ടുവർഷം മുമ്പും ഇതേ സ്ഥലങ്ങളിൽ പുലി ഇറങ്ങിയതായി അഭ്യൂഹം ഉണ്ടായിരുന്നു.