കരുവഞ്ചാലിലെ പുതിയ പാലം ജനുവരിയിൽ തുറക്കും
1464640
Monday, October 28, 2024 7:37 AM IST
ആലക്കോട്: മലയോര ഹൈവേയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടുള്ള കരുവഞ്ചാലിൽ പുതുതായി നിർമിക്കുന്ന പാലത്തിന്റെ അവസാനഘട്ട പ്രവൃത്തികൾ അടുത്ത മാസത്തോടെ പൂർത്തിയാകും. പുതുവർഷത്തിൽ പാലം ഗതാഗത്തിന് തുറന്നു കൊടുക്കും. ആറു പതിറ്റാണ്ട് പഴക്കമുള്ളതും വീതി കുറഞ്ഞതുമായ കരുവഞ്ചാൽ, ആലക്കോട് പാലങ്ങള്‍ തകർച്ചാ ഭീഷണിയിലായതിനെത്തുടർന്ന് പുതിയ പാലങ്ങൾ പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു വരികയായിരുന്നു.
ഇതേ തുടർന്ന് നിർമാണം ആരംഭിച്ച ആലക്കോട് പുതിയ പാലത്തിന്റെ പണി പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയിൽ ഗതാഗതത്തിന് തുറന്നു കൊടുത്തുവെങ്കിലും കരുവഞ്ചാൽ പാലത്തിന്റെ പണി നീണ്ടുപോകുകയായിരുന്നു. തളിപ്പറമ്പ്-മണക്കടവ് കൂർഗ് ബോർഡർ സംസ്ഥാന പാതയും മലയോര ഹൈവേയും കരുവഞ്ചാലിലൂടെയാണ് കടന്നുപോകുന്നത്.
നിലവിലെ ഇടുങ്ങിയ പാലം കാരണം വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാൻ കഴിയാത്തതിനാൽ ഗതാഗത കുരുക്ക് ഇവിടെ പതിവാണ്. പുതിയപാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ ടൗണിലുണ്ടാകുന്ന ഗതാഗതകുരിക്ക് പരിഹരിക്കപ്പെടുന്നതിനൊപ്പം ടൗണിന്റെ മുഖച്ഛായയും മാറും. പാലത്തിന്റെ കൈവരിയുടെ നിർമാണമാണ് ഇപ്പോൾ നടന്നു വരുന്നത്. 5.8 കോടി രൂപ എസ്റ്റിമേറ്റ് തുകയില്‍ നിർമാണം ആരംഭിച്ച കരുവഞ്ചാല്‍ പാലത്തിന് 11 മീറ്റർ വീതിയും 50 മീറ്റർ നീളവുമുണ്ട്.
2022 ഡിസംബർ 18ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസായിരുന്നു പാലത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. കരുവഞ്ചാൽ, ആലക്കോട് ഫൊറോന പള്ളി തിരുനാളിനും അരങ്ങം ശ്രീ മഹാദേവ ക്ഷേത്രോത്സവത്തിനും മുന്‍പായി ഉദ്ഘാടനം നടത്തി ഗതാഗതത്തിന് തുറന്ന് കൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.