ധർമശാലയിൽ തിയേറ്റർ കോംപ്ലക്സും എഡിറ്റിംഗ് സ്റ്റുഡിയോയും സ്ഥാപിക്കും
1464851
Tuesday, October 29, 2024 7:16 AM IST
തളിപ്പറമ്പ്: ധർമശാലയിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ആധുനിക സൗകര്യങ്ങളോടെയുള്ള തിയേറ്റർ കോംപ്ലക്സും ചിത്രാജ്ഞലി റിക്കാർഡിംഗ് എഡിറ്റിംഗ് സ്റ്റുഡിയോയും സ്ഥാപിക്കും. നിഫ്റ്റ് കാന്പസിനോടു ചേർന്നുള്ള റവന്യൂ വകുപ്പിന്റെ 1.4 ഏക്കർ ഭൂമി രണ്ടു മാസത്തിനുള്ളിൽ കോർപറേഷന് ലീസിന് കൈമാറുന്നതിനുള്ള നടപടി നടന്നുവരുന്നുണ്ട്. അത് എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനുള്ള ഇടപെടൽ നടത്താൻ എം.വി. ഗോവിന്ദൻ എംഎൽഎ നിർദേശിച്ചു.
ടെൻഡർ നടപടികൾ ആരംഭിക്കാൻ നിർദേശിച്ചതായി സ്ഥലം സന്ദർശിച്ച സംസ്ഥാനചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ പറഞ്ഞു. മലബാർ മേഖലയിൽ ആദ്യമായാണ് ചിത്രാഞ്ജലിയുടെ സ്റ്റുഡിയോ സജ്ജീകരിക്കുന്നത്. ഇതോടെ സിനിമയുടെ ചിത്രീകരണാനന്തരമുള്ള ഡബ്ബിംഗ്, എഡിറ്റിംഗ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലി ചുരുങ്ങിയ ചെലവിൽ ഇവിടെ ചെയ്യാനാകുമെന്ന് ഷാജി എൻ. കരുൺ പറഞ്ഞു.
ചലച്ചിത്ര വികസന കോർപറേഷന് കീഴിലുള്ള പയ്യന്നൂർ, പായം തിയേറ്റർ കോംപ്ലക്സുകൾ മാർച്ചിൽ സിനിമാ പ്രദർശനത്തിന് തയാറാകും. കോർപറേഷൻ അംഗം ഷെറി ഗോവിന്ദ്, കമ്പനി സെക്രട്ടറി ജി. വിദ്യ, പ്രോജക്ട് മാനേജർ എം.ആർ. രതീഷ്, അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. പ്രശാന്ത്, ചീഫ് എൻജിനിയർ ബാലകൃഷ്ണൻ തുടങ്ങിവരും സന്ദർശനസംഘത്തിലുണ്ടായിരുന്നു.