നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് വെടിക്കെട്ട്: വെടിക്കെട്ടിന്റെ സ്ഥലംമാറ്റി; അപകടം ക്ഷണിച്ചുവരുത്തി
1465044
Wednesday, October 30, 2024 5:54 AM IST
നീലേശ്വരം: വെടിക്കെട്ടിനായി തെരഞ്ഞെടുത്ത സ്ഥലം അപകടം ക്ഷണിച്ചുവരുത്തി. സാധാരണ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തെ കാവിന്റെ ഭാഗത്തായിരുന്നു വെടിക്കെട്ട് നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം കിഴക്കുവശത്ത് പടക്കം സൂക്ഷിച്ച മുറിയുടെ തൊട്ടുപുറകിലാണ് വെടിക്കെട്ട് നടത്തിയത്.
പടക്കം സൂക്ഷിച്ചിരുന്ന സ്ഥലവും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മില്‍ വെറും മൂന്നടി അകലം മാത്രമാണുണ്ടായിരുന്നത്. ഇവിടെ വെടിക്കെട്ട് നടത്തരുതെന്ന് സമീപവാസികള്‍ പലവട്ടം പറഞ്ഞെങ്കിലും വെടിക്കെട്ട് നടത്തിയ ആള് ഇതു ചെവിക്കൊണ്ടില്ലെന്നാണ് ആരോപണമുയരുന്നത്.
രണ്ടുദിവസം നടക്കുന്ന ഉത്സവത്തില്‍ രണ്ടാമത്തെ ദിവസം നിരവധി തെയ്യങ്ങള്‍ നടക്കുന്നുണ്ട്. ആസമയത്ത് പൊട്ടിക്കാന്‍ സൂക്ഷിച്ചിരുന്ന പടക്കം സൂക്ഷിച്ച മുറിയുടെ തൊട്ടടുത്ത് പടക്കം പൊട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്. അപകടത്തില്‍പെട്ടവരുടെ ചെരിപ്പുകളും കണ്ണടകളും വാച്ചുകളും വാട്ടര്‍ ബോട്ടിലുകളും മറ്റും ചിതറിക്കിടക്കുന്ന നൊമ്പരക്കാഴ്ചയാണ് ഈ കെട്ടിത്തിനുള്ളിലുള്ളത്.
തെയ്യം ഉറഞ്ഞാടുകയും ചെണ്ടമേളം മുറുകുകയും ചെയ്യുന്ന കുറച്ചുസമയം മാത്രമാണ് കളിയാട്ടത്തിന് വെടിക്കെട്ടുണ്ടാവുക. അതിനാല്‍ തന്നെ പൊതുവേ അധികൃതര്‍ ഇതിനായി പ്രത്യേക അനുമതി വാങ്ങുന്ന പതിവുമില്ല. ഇന്നലെ മൂന്നു തെയ്യങ്ങളാണ് അരങ്ങിലെത്തേണ്ടിയിരുന്നത്. എന്നാല്‍ ആദ്യത്തെ തെയ്യംകെട്ടില്‍ തന്നെ അപകടമുണ്ടായതിനെതുടര്ന്ന് മറ്റു തെയ്യങ്ങള്‍ അരങ്ങിലെത്തിയിരുന്നില്ല. ഇന്നലെ നടക്കേണ്ടിയിരുന്ന പ്രധാന പരിപാടികളും റദ്ദാക്കി.
അന്വേഷണചുമതല പ്രത്യേകസംഘത്തിന്
നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടം അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എഎസ്പി പി.ബാലകൃഷ്ണന് നായരുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
ഇവിടെ വെടിക്കെട്ടിന് സുരക്ഷ മുന്‍കരുതലൊന്നും എടുത്തിരുന്നില്ലെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉത്സവകാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ വെടിക്കെട്ടിന് അനുമതി വേണമെന്ന നിബന്ധന കര്‍ശനമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കളിയാട്ടങ്ങള്‍ തുടങ്ങുന്നിടം
നീലേശ്വരം: വടക്കന്‍ കേരളത്തിലെ വിവിധ കാവുകളിലും ക്ഷേത്രങ്ങളിലും കളിയാട്ടക്കാലത്തിന് തുടക്കമാകുന്നത് പത്താമുദയം എന്ന പേരില്‍ അറിയപ്പെടുന്ന തുലാമാസം പത്താം തീയതിയാണ്. കാസര്‍ഗോഡ് ജില്ലയില്‍ ഏറ്റവുമാദ്യം കളിയാട്ടം നടക്കുന്ന ഇടമാണ് അഞ്ഞൂറ്റമ്പലം വീരര്‍കാവ്.
വര്‍ഷത്തിലെ ആദ്യ കളിയാട്ടമായതുകൊണ്ടും നീലേശ്വരം നഗരമധ്യത്തില്‍ തന്നെയായതുകൊണ്ടും രാത്രിയായാലും പകലായാലും വലിയ ജനക്കൂട്ടമാണ് ഇവിടെയുണ്ടാകുന്നത്. ചുറ്റുപാടും കെട്ടിടങ്ങളും ജനവാസമേഖലയുമായതിനാല് ആളുകള്‍ക്ക് കൂട്ടംകൂടി നില്‍ക്കാനുള്ള സ്ഥലം താരതമ്യേന കുറവാണ്. വെടിക്കെട്ടിന് വലിയ പ്രാധാന്യമില്ലാത്ത ഇടമായതിനാല്‍ 30,000 രൂപയുടെ പടക്കങ്ങള്‍ മാത്രമാണ് വാങ്ങി സൂക്ഷിച്ചിരുന്നത്.
ക്ഷേത്രത്തിന്റെ കലവറയോടു ചേര്‍ന്ന് തന്നെയാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇന്നു പകല്‍ കെട്ടിയാടാനുള്ള തെയ്യക്കോലങ്ങളുടെ മുന്നൊരുക്കമായ വെള്ളാട്ടമാണ് ഇന്നലെ രാത്രി നടന്നത്. ഇത് കാണുന്നതിനായി കലവറയ്ക്കു സമീപം ഇരിക്കുകയും നില്‍ക്കുകയും ചെയ്തിരുന്ന ആളുകളാണ് അപകടത്തില്‍പ്പെട്ടത്.
അടിയന്തര സാമ്പത്തികസഹായം നല്‍കണം
നീലേശ്വരം: വെടിക്കെട്ട് ദുരന്തത്തില്‍ പരുക്കേറ്റ മുഴുവന്‍ ആളുകള്‍ക്കും അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടവും പോലീസും ജാഗ്രത പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. ക്ഷേത്ര ഭരണ സമിതിയുടെ മാത്രം കുറ്റമായി ഈ സംഭവത്തെ ചിത്രീകരിക്കുന്നത് ശരിയല്ല.
വെടിക്കെട്ടുകാരനും പോലീസിനും ഗുരുതരവീഴ്ച: എംപി
നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തില്‍ വെടിക്കെട്ടുകാരന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് ഗുരുതരവീഴ്ച സംഭവിച്ചതായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി. സ്ത്രീകളും പുരുഷന്മാരുമടക്കം നിരവധി ആളുകള്‍ അവിടന്ന് പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വെടിക്കെട്ടുകാരന് ധിക്കാരപരമായിട്ടാണ് അയാള്‍ അവിടുന്ന് പടക്കം പൊട്ടിച്ചത്. അയാള്‍ ആരാണെന്ന് കണ്ടുപിടിച്ച് അയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
പോലീസിന്റെന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ട്. ആയിരക്കണക്കിന് ആള്ക്കാര് പങ്കെടുക്കുന്ന കളിയാട്ട മഹോത്സവത്തില്‍ ജനങ്ങള്‍ തിങ്ങികൂടിയിരിക്കുന്ന സ്ഥലത്ത് ജനങ്ങളുടെ സമീപത്ത് കൊണ്ടുപോയി പടക്കം പൊട്ടിക്കാന്‍ അനുവാദം നല്‍കിയത് ഗുരുതരമായ വീഴ്ചയായിട്ടാണ് കാണുന്നത്.
അപകടത്തില്‍ പലര്‍ക്കും മാരകമായി പൊള്ളലേറ്റിട്ടുണ്ട്. ആഴ്ചകളോ മാസങ്ങളോ ചികില്‍സിച്ചാലേ പരിക്കുകള്‍ മാറുകയുള്ളൂ. അതിനുവേണ്ട സാമ്പത്തിക ബാധ്യത താങ്ങാനാവുന്ന കുടുംബത്തിലുള്ളവരല്ല പലരും. അതുകൊണ്ട് അവരെ സാമ്പത്തികമായി സഹായിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ നിറവേറ്റണമെന്നും എംപി ആവശ്യപ്പെട്ടു.
ക്ഷേത്രപരിസരത്ത് സിപിഎം-ബിജെപി തര്‍ക്കം
നീലേശ്വരം: പടക്കശേഖരം പൊട്ടിത്തെറിച്ച് അപകടമുണ്ടായ ക്ഷേത്രപരിസരത്ത് ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം. അപകടം അശ്രദ്ധമൂലം ഉണ്ടായതാണെന്നും പോലീസ് അനാസ്ഥ ഉണ്ടായെന്നും സ്ഥലം സന്ദര്‍ശിച്ച ബിജെപി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് ആരോപിച്ചു.
എന്നാല്‍ ക്ഷേത്രമുറ്റത്ത് വച്ച് ഇത്തരം പാരാമര്‍ശങ്ങള്‍ നടത്തരുതെന്നും പറഞ്ഞു സിപിഎം പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെയാണ് തര്‍ക്കം ഉണ്ടായത്.നേതാക്കള്‍ തമ്മില്‍ ഏറെ നേരം വാക്കേറ്റം ഉണ്ടായി. പിന്നീട് പ്രവര്‍ത്തകരും ചേരി തിരിഞ്ഞു പ്രതിരോധിച്ചു. പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. തുടര്‍ന്ന് സിപിഎം, ബിജെപി പ്രവര്‍ത്തകരെ ക്ഷേത്ര പ്രദേശത്തുനിന്ന് മാറ്റി.
പരിക്കേറ്റവര്‍ക്ക് സൗജന്യചികിത്സ നല്‍കുമെന്ന് കിംസ്
നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തിനിരയായവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കേരള ക്ലസ്റ്റര്‍ സിഇഒ ആന്‍ഡ് ഡയറക്ടര്‍ ഫര്ഹാന് യാസീന്‍ അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ, പൊള്ളലേറ്റവര്‍ക്ക് സ്പെഷല്‍ കെയര്‍ എന്നിവ ഉള്‍പ്പെടെ ആശുപത്രിയില്‍ സൗജന്യമായി ലഭ്യമാക്കും. ഐസിയു സൗകര്യം, വൈദ്യസഹായങ്ങള്‍ തുടങ്ങി ഓരോ രോഗിക്കും ആവശ്യമായ കൃത്യമായ സേവനം ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.