ഉപജില്ലാ കലോത്സവങ്ങൾ ഉദ്ഘാടനം ചെയ്തു
1465033
Wednesday, October 30, 2024 5:53 AM IST
ഇരിട്ടി ഉപജില്ല
കൊളക്കാട്: ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നാലു ദിവസങ്ങളിലായി കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന ഇരിട്ടി ഉപജില്ലാതല സ്കൂൾ കലോത്സവം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
തിങ്കളാഴ്ച്ചയാണ് കലോത്സവം ആരംഭിച്ചത്. ഉപജില്ലയിലെ 103 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 6000 ത്തോളം വിദ്യാർഥികളാണ് വിവിധ കലാപരിപാടികൾക്ക് മാറ്റുരക്കാൻ കൊളക്കാട് എത്തിച്ചേർന്നത്. വെള്ളിയാഴ്ചയാണ് കലോത്സവം സമാപിക്കുന്നത്.
സിനിമാതാരം വന്ദിതാ മനോഹരൻ, തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ, സ്കൂൾ മാനേജർ ഫാ. തോമസ് പട്ടാകുളം, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. വേണുഗോപാലൻ, സി.ടി. അനീഷ്, റോയ് നമ്പുടാകം, ഇരിട്ടി എഇഒ വിജയൻ ചടങ്ങിൽ പങ്കെടുത്തു.
മട്ടന്നൂർ ഉപജില്ല
മട്ടന്നൂർ: ഉപജില്ലാ സ്കൂൾ കലോത്സവം മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ്ബാബു സ്മരണിക കവർ പ്രകാശനം ചെയ്തു.
നവംബർ രണ്ടുവരെ നടക്കുന്ന കലോത്സവത്തിൽ ഉപജില്ലയിലെ 87 സ്കൂളിൽ നിന്നായി 4000 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. സ്കൂളിലെ വിവിധ സ്ഥലങ്ങളിലായി 13 വേദികളിൽ വച്ചാണ് കലോത്സവം നടക്കുന്നത്. ആദ്യ ദിനമായ തിങ്കളാഴ്ച്ച ചിത്രരചനാ മത്സരങ്ങളാണ് നടന്നത്.
ഇന്നലെ സ്റ്റേജിന മത്സരങ്ങൾ ആരംഭിച്ചു. കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഡോ. സുമിതാ നായർ, ശ്രീഹരി രാംദാസ്, മട്ടന്നൂർ ശശിധരൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, മാലൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ഹൈമാവതി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. രതീഷ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.കെ. സുഗതൻ, പി. ശ്രീനാഥ്, പി. പ്രസീന, മട്ടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. രവീന്ദ്രൻ, പ്രിൻസിപ്പൽ എം.പി. പ്രീതി, എ.കെ. ഭാഗ്യലക്ഷ്മി എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.