കുത്തിയിരിപ്പ് സമരം നടത്തി
1465035
Wednesday, October 30, 2024 5:53 AM IST
പരിയാരം: പഞ്ചായത്തിൽ കെ. സുധാകരൻ എംപിയുടെ ഫണ്ട് വിനിയോഗിക്കുന്നതിന് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി തടസം നിൽക്കുന്നതായി ആരോപിച്ച് ഇന്നലെ ചേർന്ന ഭരണസമിതി യോഗം ബഹിഷ്കരിച്ച് യുഡിഎഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു.
നെല്ലിപ്പറമ്പ് പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള അനുമതിക്കായി പഞ്ചായത്ത് ഭരണസമിതിയിൽ അജണ്ട വച്ചത് ചർച്ച ചെയ്യാതെ നിരസിക്കുകയാണ് ചെയ്തത്. പഞ്ചായത്തിന്റെ നിരവധി കേന്ദ്രങ്ങളിൽ എംപി അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിന് തടസം നിന്ന് ജനങ്ങൾക്ക് കിട്ടേണ്ട വികസനം തടസപ്പെടുത്തുന്ന ഭരണസമിതിയാണ് പരിയാരം പഞ്ചായത്തിന്റേതെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു.
പി.വി. സജീവൻ, പി.വി. അബ്ദുൾ ഷുക്കൂർ, പി. സാജിത, അഷറഫ് കൊട്ടോല, ടി.പി. ഇബ്രാഹിം, കെ.പി. സൽമത്ത്, ദൃശ്യ ദിനേശൻ എന്നിവർ നേതൃത്വം നൽകി.