കൂട്ടുപുഴയിൽ റോഡിലേക്ക് കൂറ്റൻ പാറകൾ അടർന്നു വീണു
1464636
Monday, October 28, 2024 7:37 AM IST
ഇരിട്ടി : കൂട്ടുപുഴ ടൗണിൽ പഴയ പാലത്തിന് സമീപം ഉയരത്തിൽനിന്ന് കൂറ്റൻ പാറക്കെട്ടുകളും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണു.
അപകട സമയത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാലാണ് വൻദുരന്തം ഒഴിവായത്. പാറക്കല്ലുകൾ റോഡിൽ വീണതിനെത്തുടർന്ന് ഗതാഗതം സ്തംഭിച്ചു. ഓട്ടോ സ്റ്റാൻഡിന് സമീപത്തായാണ് പാറക്കല്ലുകൾ പതിച്ചത്. പാറക്കല്ലുകൾ ഉരുണ്ട് നീങ്ങാഞ്ഞതിനാലാണ് എതിർഭാഗത്തെ കടകൾ അപകടത്തിൽ പെടാതിരുന്നത്. വർഷങ്ങൾക്ക് മുന്പ് റോഡ് നിർമാണസമയത്ത് വളരെ ഉയരത്തിൽനിന്നും പൊട്ടിച്ചിറക്കിയ പാറയുടെ ഭാഗങ്ങളാണ് താഴേക്ക് പതിച്ചത്.
ഇരിട്ടി പോലീസും നാട്ടുകാരും ഓട്ടോ തൊഴിലാളികളും വ്യാപാരികളും ചേർന്ന് കല്ലുകളും മരക്കൊമ്പുകളും മാറ്റി താത്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചു. ഇനിയും പാറക്കല്ലുകൾ താഴേക്ക് പതിക്കാനുള്ള സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കുത്തനെയുള്ള കുന്നിൻചെരുവിന്റെ ഉയരം കൂടിയ ഈ ഭാഗത്ത് നീരുറവയുമുണ്ട്. കൂട്ടുപുഴ പുതിയ പാലം നിർമിക്കുന്നതിന് മുന്പ് കർണാടകയിലേക്കുള്ള അന്തർസംസ്ഥാന പാതയുടെ ഭാഗമായിരുന്ന റോഡ് ഇപ്പോൾ പേരട്ട, തൊട്ടിപ്പാലം ഭാഗത്തേക്കുള്ള പ്രധാന പാതയാണ്. ഇപ്പോഴത്തെ മണ്ണിടിച്ചിൽ
പ്രദേശത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.