കാട്ടുപന്നി ശല്യം ; ഏറുമാടത്തിൽ ഉറക്കമൊഴിഞ്ഞ് കർഷകർ
1465024
Wednesday, October 30, 2024 5:53 AM IST
ചപ്പാരപ്പടവ്: കൃഷിയിടത്തിൽ എത്തുന്ന കാട്ടുപന്നികളെ തുരത്താൻ മരങ്ങളിൽ ഏറുമാടം കെട്ടി ഉറക്കമൊഴിച്ച് കാവൽ നില്ക്കുകയാണ് ചപ്പാരപ്പടവ് പഞ്ചായത്തിലെ മണാട്ടിയിലെ കർഷകർ. കൃഷിയിടങ്ങളിലെത്തുന്ന വന്യമൃഗങ്ങളെ തുരത്താൻ മറ്റു വഴികളില്ലാത്ത സാഹചര്യത്തിലാണ് ഇവിടുത്തെ കർഷകർ കുടിയേറ്റകാലത്തെ കാർഷിക സംരക്ഷണ രീതിയിലേക്ക് തിരിച്ചു പോകേണ്ടി വന്നത്.
മണാട്ടിയിലെ വിറകൊടിയനാൽ ടോമി, കല്ലാ ഗോപി എന്നിവർ. പകലുമുഴുവൻ കൃഷിയിടത്തിൽ പണിയെടുക്കുകയും സന്ധ്യയായാൽ ഏറുമാടത്തിൽ കാവലിരിക്കുകയുമാണ്. ഒരോ ദിവസവും ഇടവിട്ടാണ് ഇരുവരും കാവലിരിക്കുന്നത്. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, ഇഞ്ചി, മഞ്ഞൾ തുടങ്ങി ഒട്ടുമിക്ക വിളകളും ഇരുവരും കൃഷിചെയ്യുന്നുണ്ട്. ഇവയെല്ലാം വിളവെടുക്കാൻ പാകത്തിനയതുമാണ്. എന്നാൽ, കർഷകരുടെ പ്രതീക്ഷകളെല്ലാം തകിടം മറിക്കാൻ കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഏതു സമയവും കൃഷിയിടത്തിലെത്താമെന്ന ആശങ്ക ഇവരെ വേട്ടയാടുന്നുണ്ട്.
ഇഴജന്തുക്കളെ ഭയന്ന് വളരെ ഉയരത്തിലാണ് ഏറുമാടം കെട്ടിയിരിക്കുന്നത്. ഇവിടെനിന്നും വളരെ ദൂരത്തിലേക്ക് ലൈറ്റ് അടിക്കുന്നത് മൂലവും മനുഷ്യന്റെ മണവും കാരണം കാട്ടുപന്നികൾ വരാറില്ലെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
കാട്ടുപന്നികൾ കൃഷിയിടത്തിൽ കയറിയാൽ അവർക്ക് ആവശ്യമായ വിളകൾ മാത്രമല്ല അടുത്ത കാണുന്ന മുഴുവൻ വിളകളും നശിപ്പിച്ചാണ് പോകുന്നത്. അതിനാൽ എല്ലാദിവസവും കാവൽ ഇരിക്കേണ്ട അവസ്ഥയാണ് ഇവർക്കുള്ളത്. കാട്ടുപന്നി ശല്യത്തെക്കുറിച്ച് പഞ്ചായത്തിലും കൃഷിഭവനിലും ഉൾപ്പെടെ പരാതികൾ പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് ഇവർ പറഞ്ഞു.