കണ്ണൂർ വിമാനത്താവള റോഡ് പദ്ധതി ഫയലിൽ
1464637
Monday, October 28, 2024 7:37 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള തലശേരി-കൊടുവള്ളി-മമ്പറം-മട്ടന്നൂർ റോഡ് പദ്ധതി ഇഴയുന്നു. സ്ഥലമേറ്റെടുക്കൽ വൈകുന്നതാണ് റോഡ് പദ്ധതിയെ പിന്നോട്ടടിപ്പിക്കുന്നത്. അതേസമയം സ്ഥലം ഏറ്റെടുക്കൽ വൈകുന്നത് ഭൂവുമടകളെയും ദുരിതത്തിലാക്കുന്നുണ്ട്. രണ്ടു വർഷം മുമ്പേ മട്ടന്നൂർ വായാന്തോട് പ്രദേശത്ത് സർവേ നടത്തി കുറ്റിയടിക്കൽ പൂർത്തീകരിച്ചിട്ടും റോഡ് നവീകരണം ആരംഭിച്ചില്ല.
തലശേരി-കൊടുവള്ളി- മട്ടന്നൂർ വരെ 24.5 കിലോമീറ്റർ നീളത്തിൽ റോഡ് നിർമിക്കാൻ 39.93 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. തലശേരി, ഇരിട്ടി താലൂക്കുകളിൽപ്പെട്ട ഏഴു വില്ലേജുകളിൽനിന്നാണ് സ്ഥലമേറ്റെടുക്കുന്നത്. ആകെ 1110 പേരുടെ സ്ഥലം ഏറ്റെടുക്കണം. 749 വീടുകളും 140 കടകളും രണ്ടു സ്കൂളുകളും 15 പൊതുസ്ഥാപനങ്ങളും പൂർണമായോ ഭാഗികമായോ പൊളിച്ചുനീക്കണം. 4441 മരങ്ങൾ മുറിച്ചു നീക്കണമെന്നും സാമൂഹികാഘാത പഠനരേഖയിൽ പറഞ്ഞിരുന്നു. തൃക്കാക്കര ഭാരത് മാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്കാണ് അന്നു റിപ്പോർട്ട് തയാറാക്കിയത്.
വിമാനത്താവള ഗേറ്റ് മുതൽ വായാന്തോട് വരെ റോഡ് നീട്ടുന്നതിന് റോഡരികിലെ സ്ഥലം അളന്നു കുറ്റി സ്ഥാപിച്ചിരുന്നു. റോഡ് വികസനത്തിന് സർക്കാർ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ സ്ഥല ഉടമകളാണ് പ്രയാസത്തിലായത്. സർവേ പൂർത്തീകരിച്ച് കുറ്റിയടിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടാക്കാത്തതാണ് കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്. സ്ഥലം റോഡിന് ഏറ്റെടുക്കുന്നതിനാൽ പുതിയ വീട് നിർമിക്കാനോ നിലവിലുള്ള വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താനോ സ്ഥലം വിൽക്കാനോ വായ്പയെടുക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് ഭൂവുടമകൾ പറയുന്നു.
കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്തവർ ഒഴിഞ്ഞുപോകുന്ന അവസ്ഥയാണ്. റോഡ് നവീകരണത്തിന് സ്ഥലം ഏറ്റെടുക്കുന്നുണ്ടെങ്കിൽ എത്രയും വേഗത്തിൽ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്ന് സ്ഥല ഉടമകൾ ആവശ്യപ്പെട്ടു. വളവുകളും കയറ്റിറക്കങ്ങളും കുറച്ചുകൊണ്ട് നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വിമാനത്താവളത്തിലേക്ക് റോഡ് നിർമിക്കാൻ തീരുമാനിച്ചിരുന്നത്.