ഓട്ടോറിക്ഷ തൊഴിലാളികള്‍ ആര്‍ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
1465458
Thursday, October 31, 2024 7:47 AM IST
കണ്ണൂർ: നഗരത്തിൽ സർവീസ് നടത്തുന്ന അനധികൃത ഓട്ടോറിക്ഷകൾക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ലേബർ യൂണിയൻ ( സിഐടിയു ) വിന്റെ ആഭിമുഖ്യത്തിൽ ആർടി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടന്ന മാർച്ചും ധർണയും സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കാടൻ ബാലകൃഷ്ണൻ, എ.വി. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
പണിമുടക്കും ആർടി
ഓഫീസ് മാർച്ചും നാളെ
കണ്ണൂർ: പെർമിറ്റ് വ്യവസ്ഥ ലംഘിക്കുന്ന ഓട്ടോറിക്ഷകൾക്കെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാളെ കണ്ണൂർ ടൗണിൽ നടക്കുന്ന ഓട്ടോറിക്ഷ പണിമുടക്കും അന്നേ ദിവസം ആർടിഒ ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചും വിജയിപ്പിക്കണമെന്ന് സംയുക്തട്രേഡ് യൂണിയൻ സമിതി യോഗം ഓട്ടോറിക്ഷ തൊഴിലാളികളോടഭ്യർഥിച്ചു.
പെർമിറ്റ് വ്യവസ്ഥ ലംഘിക്കുന്ന ഓട്ടോറിക്ഷകൾക്കെതിരേ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഇന്നലെ ആർടി ഓഫീസിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ , ആർടിഒ എന്നിവർ ഉറപ്പു നല്കി സമരം പിൻവലിക്കാൻ സംയുക്തട്രേഡ് യൂണിയൻ സമിതി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരത്തിൽ നിരവധി ഉറപ്പുകൾ ഇതിന് മുമ്പ് പലഘട്ടത്തിലും അധികാരികൾ നൽകിയിരുന്നെങ്കിലും ഈ ഉറപ്പുകൾ ഇതുവരെ പ്രാവർത്തിക മാക്കാൻ ബന്ധപ്പെട്ടവർ തയാറാകാത്ത സാഹചര്യത്തിൽ പണിമുടക്ക് സമരവുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി.
എസ്ഡിടിയുവിനെ
സംയുക്ത ട്രേഡ് യൂണിയൻ സമിതിയിൽനിന്ന്
പുറത്താക്കി
കണ്ണൂർ: സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നിലപാടുകൾക്ക് വിരുദ്ധമായി ആർടിഒ ഓഫീസിൽ നടന്ന യോഗത്തിൽ ഏകപക്ഷീയമായും തൊഴിലാളി താത്പര്യത്തിന് വിരുദ്ധമായും അഭിപ്രായങ്ങൾ പറഞ്ഞ എസ്ഡിടിയു സംഘടനയെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയിൽ നിന്നും പുറത്താക്കിയതായി നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. യോഗത്തിൽ സംയുക്ത സമിതി നേതാക്കളായ എൻ. ലക്ഷ്മണൻ, കുന്നത്ത് രാജീവൻ , കെ.പി. സത്താർ, മിൽ ന രാജീവൻ , സി.കെ. ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.