യൂത്ത് കോൺഗ്രസിന്റെ കമ്മീഷണർ ഓഫീസ് മാർച്ചിൽ സംഘർഷം
1465043
Wednesday, October 30, 2024 5:54 AM IST
കണ്ണൂർ: പി.പി. ദിവ്യയെഅറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് സമരക്കാരുടെ നേരെ നാല് തവണ ജലപീരങ്കി പ്രയോഗിച്ചു.
ഇന്നലെ രാവിലെ 11.30 തോടെ ഡിസിസി ഓഫീസിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപത്ത് ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞിരുന്നു. മാർച്ചിന്റെ ഉദ്ഘാടനം കഴിഞ്ഞ ശേഷം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ഇതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. അതിനിടെ രണ്ട് വനിതാ പ്രവർത്തകരുൾപ്പെടെ മൂന്നു പേർ ബാരിക്കേഡ് മറികടന്നു. ഇവരെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ബാരിക്കേഡ് മറിച്ചിടാൻ മറ്റ് പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു.
പ്രകോപിതരായ പ്രവർത്തകർ പോലീസിന് നേരെ വടികൾ വലിച്ചെറിഞ്ഞു. ഇതോടെ പോലീസ് വീണ്ടും ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനിടെ ജില്ലാ പഞ്ചായത്ത് ഓഫീസ് ഗേറ്റിന് മുന്നിൽ പ്രവർത്തകരും പോലീസുമായി വാക്കുതർക്കമുണ്ടായി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. മാർച്ചിനെ തടയാൻ ടൗൺ പോലീസ് സ്റ്റേഷനു മുന്നിൽ വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്. ജില്ലാ പഞ്ചായത്തിലേക്കുള്ള ഗേറ്റും കയർ കെട്ടിയിരുന്നു. പ്രതിഷേധ മാർച്ചിന് നേതാക്കളായ റോബർട്ട് വെള്ളാംവള്ളി,വി രാഹുൽ , റിൻസ് മാനുവൽ, ഫർഹാൻ മുണ്ടേരി, നിധീഷ് ചാലാട് തുടങ്ങിയവർ നേതൃത്വം നൽകി.