മലയോരത്ത് തേങ്ങ കിട്ടാക്കനിയാകുന്നു; മൈസൂരു തേങ്ങയെ ആശ്രയിച്ച് വ്യാപാരികൾ
1465038
Wednesday, October 30, 2024 5:53 AM IST
ഇരിട്ടി: കേരം തിങ്ങും കേരളനാട്ടിൽ തേങ്ങ കിട്ടാക്കനിയാകുന്നു. അടിയന്തര ആവശ്യങ്ങൾക്കു പോലും തേങ്ങ ലഭിക്കാതെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.
മൈസൂരുവിൽ നിന്നാണ് ഇപ്പോൾ പ്രധാനമായും തേങ്ങ എത്തിക്കുന്നത്. കഴിഞ്ഞദിവസം മൈസുരുവിൽ നിന്നും തേങ്ങ എത്താഞ്ഞതിനെ തുടർന്ന് ഇരിട്ടി, വള്ളിത്തോട് തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകാരടക്കം കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്.
കിലോയ്ക്ക് 55 രൂപ വിലയുണ്ടെങ്കിലും കന്പോളത്തിൽ പച്ചത്തേങ്ങ എത്തുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. മൈസുരുവിൽ നിന്നുള്ള തേങ്ങക്ക് ഗുണനിലവാരം കുറവാണെങ്കിലും മറ്റ് പോംവഴികൾ ഒന്നുമില്ലാതെ ഹോട്ടൽ വ്യാപാരികൾ ഇത് വാങ്ങി ഉപയോഗിക്കാൻ നിർബന്ധിതരാകുകയാണ്.
പ്രാദേശിക ഉത്പാദനത്തിൽ ഇടിവ്
സാംക്രമിക രോഗങ്ങളും തെങ്ങുകളുടെ പ്രായാധിക്യവും കാരണം ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് പ്രദേശികമായുള്ള തേങ്ങയുടെ ലഭ്യതക്കുറവിന് പ്രധാന കാരണം. രോഗബാധ മൂലം വലിയതോതിൽ തെങ്ങുകൾ നശിച്ചിട്ടുണ്ട്. ഇതോടൊപ്പം ചെലവിന് ആനുപാതികമായി ഉത്പാദനം ലഭിക്കാത്തതിനാൽ പല കർഷകരും വളപ്രയോഗം ഉൾപ്പെടെയുള്ളവ നിർത്തുകയും റബർ പോലുള്ള കൃഷിയിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. കുടിയേറ്റ കാലഘട്ടത്തിൽ കൃഷി ചെയ്ത തെങ്ങുകൾ തന്നെയാണ് ഇന്നും ഫലം തരുന്നത്.
കാട്ടാനകൾ വ്യാപകമായി തെങ്ങുകൾ നശിപ്പിക്കുന്നതും തേങ്ങ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. അഞ്ചു ലക്ഷത്തിന് മുകളിൽ നാളികേരം ഉത്പാദിപ്പിച്ചിരുന്ന ആറളം ഫാമിലെ ഉത്പാദനം 50000 താഴേക്ക് കൂപ്പുകുത്തിയത് കേരകൃഷിയുടെ നാശത്തിന്റെ മറ്റൊരു ഉദാഹരണമാണ്. അയ്യായിരത്തിനു മുകളിൽ തെങ്ങുകളാണ് ഇവിടെ കാട്ടാനകൾ നശിപ്പിച്ചത്. ഗുണമേൻമയുള്ള തേങ്ങ ലഭിക്കാത്തതു കാരണം പ്രാദേശികമായുള്ള വെളിച്ചെണ്ണ ഉത്പാദന യൂണിറ്റുകൾ പലതും പ്രവർത്തിക്കുന്നുമില്ല.