മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ മണ്ണിലും ജലത്തിലും വായുവിലും കൂടി വരുന്നതായി പഠനം
1465036
Wednesday, October 30, 2024 5:53 AM IST
കണ്ണൂർ: കാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങള്‍ക്ക് ഇടയാക്കുന്ന മൈക്രോ പ്ലാസ്റ്റിക് കണങ്ങള്‍ മണ്ണിലും ജലത്തിലും വായുവിലും കൂടി വരുന്നതായി കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ കണ്ടെത്തി. പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ. എം.കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിനു വേണ്ടി പഠനം നടത്തിയത്. അഴീക്കോട് ചാല് ബീച്ച് മുതല്‍ അഴീക്കല്‍ വരെയുള്ള പ്രദേശത്തെ കുടിവെള്ളവും കടല്‍ വെള്ളവുമാണ് പ്രധാനമായും പഠന വിധേയമാക്കിയത്. ഒരു ലിറ്റര്‍ കടല്‍ വെള്ളത്തില്‍ 2640 മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ വരെ കണ്ടെത്തിയിട്ടുണ്ട്.
ഇത് ശരാശരി ഇതര പ്രദേശങ്ങളെക്കാള്‍ വളരെ കൂടുതലാണ്. നൈലോണ്‍ പോളിസ്റ്റൈറിംഗ് തുടങ്ങിയവയുടെ നാരുകളാണ് കൂടുതലായും കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ജലത്തില്‍ പ്ലാസ്റ്റിക് പെയിന്റുകളുടെ അംശം കൂടുതലായും ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്ലാസ്റ്റിക് കണങ്ങളുടെ ഓക്സീകരണം കൂടുതലായതിനാല്‍ ശ്വാസകോശങ്ങളുടെ വായു അറകളെ നശിപ്പിക്കുകയും കരളിലെത്തുന്ന മൈക്രോ പ്ലാസ്റ്റിക് കണങ്ങള്‍ എന്‍സൈമുകളുടെ ഉത്പാദന പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായും കണ്ടെത്തലുണ്ട്.
ഭ്രൂണ വളര്‍ച്ചയിലെ വ്യത്യാസം, ഗര്‍ഭാശയ-ഉദര-ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം തുടങ്ങിയവയ്ക്ക് മൈക്രോപ്ലാസ്റ്റിക്ക് കാരണമാകുന്നു. കിണര്‍ കപ്പിയിലുപയോഗിക്കുന്ന നൈലോണ്‍ കയറുകള്‍, കിണറിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വലകള്‍, അടുക്കളയില്‍ ഉപയോഗിക്കുന്ന കട്ടിംഗ് ബോര്‍ഡുകള്‍, പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്ക്രബര്‍, ലിപ്സ്റ്റിക് തുടങ്ങിയവയിലൂടെ മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ബോധവത്കരണ പദ്ധതികളുമായി കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്
മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിനും മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നതിന് ഇടയാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നതിനും വിവിധ പദ്ധതികള്‍ തയാറാക്കുന്നതായി കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ അറിയിച്ചു.
ആദ്യ പടിയായി ബോധവത്കരണം, സെമിനാറുകള്‍ എന്നിവയും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിവിധ പരിപാടികളും വ്യത്യസ്തങ്ങളായ കാമ്പയിനുകളും സംഘടിപ്പിക്കും.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് ഇടയാക്കുന്ന പുതിയ വസ്തുക്കളുടെ നിര്‍മാണ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കര്‍മ പദ്ധതി തയാറാക്കും. മൈക്രോ പ്ലാസ്റ്റിക്കിനെതിരേ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന കാമ്പയിനിന്റെ ലോഗോ നവംബര്‍ ഒന്നിന് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഹരിതകര്‍മ സേനാംഗങ്ങളുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും ശാസ്ത്ര പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ പുറത്തിറക്കുമെന്നും അറിയിച്ചു.